Sorry, you need to enable JavaScript to visit this website.

ഹർത്താലിനിടെ പെട്രോൾ ബോംബേറ്; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് എതിരെ നടപടി

കണ്ണൂർ-പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് പ്രയോഗിച്ച സംഭവത്തിൽ ജില്ലാ നേതാക്കൾക്കെതിരെ പോലീസ് നിയമ നടപടിക്കൊരുങ്ങുന്നു. സംഭവത്തിൽ കൃത്യമായ  ആസൂത്രണം നടന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ജനങ്ങൾക്കിടയിൽ ഭീതി പരത്തണമെന്ന  ലക്ഷ്യത്തോടെ  ബോംബാക്രമണത്തിന് ആളുകളെ നിശ്ചയിച്ചതും ആസൂത്രണം നടത്തിയതും പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളാണെന്ന്  പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടുകൂടിയ ആക്രമണങ്ങളാണ് ഉണ്ടായത്. ജില്ലാ നേതാക്കളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമികൾ ബോംബുമായി തെരുവിൽ അഴിഞ്ഞാടിയതെന്ന് പോലീസ് കണ്ടെത്തി. പെട്ടെന്ന് പ്രഖ്യാപിച്ച ഹർത്താലായതിനാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും ആളുകൾക്കിടയിൽ ഭീതി പരത്താൻ സാധിക്കുന്നതുമായ പെട്രോൾ ബോംബ് കൂടുതലായി ഉപയോഗിക്കണമെന്ന് ജില്ലാ നേതാക്കൾ നിർദ്ദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ജില്ലാ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.
ഹർത്താലിന്റെ മറവിൽ ഇരിട്ടിയിൽ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന ആൾക്ക് നേരെയും, പാലോട്ട് പള്ളിയിൽ ലോറിക്ക് നേരെയും പത്രവാഹനത്തിന് നേരെയും മട്ടന്നൂരിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെയും പോപ്പുലർഫ്രണ്ട് പ്രവർത്തകർ ബോംബെറിഞ്ഞിരുന്നു. മട്ടന്നൂരിൽ ആർ.എസ്.എസ് കാര്യാലയം തകർത്ത കേസിൽ രണ്ട് പേരും തളിപ്പറമ്പിൽ കട തകർത്ത കേസിൽ രണ്ടു പേരും ഉൾപ്പെടെ 13 പി.എഫ്.ഐ പ്രവർത്തകർ ഇതുവരെ അറസ്റ്റിലായി. 80 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
മട്ടന്നൂരിലെ ആർ.എസ്.എസ് കാര്യാലയം ആക്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.  കീച്ചേരിക്ക് അടുത്ത് ചെള്ളേരിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിനിടെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓഫീസിലേക്ക് പെട്രോൾ ബോംബെറിയുകയായിരുന്നു. ബോംബേറിൽ ഓഫീസിന്റെ ജനൽചില്ലുകൾ തകർന്നു.
ഹർത്താലിനോടനുബന്ധിച്ച്  തളിപ്പറമ്പ് എളമ്പേരംപാറയിൽ കട തകർത്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മാട്ടൂൽ സൗത്തിലെ ചേപ്പിലാട്ട് വീട്ടിൽ സി.എച്ച്.ജംഷീർ (34), പന്നിയൂരിലെ തറമ്മൽ ഹൗസിൽ പി.അൻസാർ (24) എന്നിവരാണ് അറസ്റ്റിലായത്.
എളമ്പേരം പാറയിലെ പി.പി. ആഷാദിന്റെ സിസ്റ്റം കെയർ മൊബൈൽസ് ആന്റ് ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനമാണ് കഴിഞ്ഞ ദിവസം രാവിലെ പ്രതികൾ അതിക്രമിച്ച് കയറി തകർത്തത്.  പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും, കൗണ്ടറിയിലുണ്ടായിരുന്ന സാധന സാമഗ്രികൾ നിലത്തേക്കെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു.

Latest News