Sorry, you need to enable JavaScript to visit this website.

ആവേശോജ്വല വിജയവുമായി ജുലാന്‍ ക്രീസ് വിട്ടു

ലോഡ്‌സ് - ക്രിക്കറ്റിന്റെ പുണ്യഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോഡ്‌സില്‍ അത്യുജ്വല വിജയത്തോടെ മുന്‍നായിക ജുലാന്‍ ഗോസ്വാമിക്ക് ഇന്ത്യന്‍ വനിതാ ടീം വിട നല്‍കി. ആവേശക്കൊടുമുടി കയറിയ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം പരാജയത്തിന്റെ വക്കില്‍ നിന്ന് ജുലാനു വേണ്ടി ഇന്ത്യന്‍ വനിതകള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യയുടെ ചെറിയ സ്‌കോറായ 169 പിന്തുടര്‍ന്ന ഇംഗ്ലണ്ട് എഴിന് 65 ലേക്കും ഒമ്പതിന് 118 ലേക്കും തകര്‍ന്നിരുന്നു. എന്നാല്‍ ചാര്‍ലി ഡീന്‍ (80 പന്തില്‍ 47) തിരിച്ചടിച്ചു. ഒടുവില്‍ വിജയത്തിന് അവസാന ബാറ്ററെ സംരക്ഷിക്കാനായി രണ്ടാം റണ്ണിനോടിയ ഡീന്‍ റണ്ണൗട്ടായി. ഇന്ത്യ മൂന്നു മത്സര പരമ്പര തൂത്തുവാരി. അവസാന മത്സരത്തില്‍ ജുലാന്‍ പത്തോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രേണുക സിംഗ് താക്കൂറും (10-1-29-4) രാജേശ്വരി ഗെയ്ക്‌വാദുമാണ് (10-1-38-2) ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിന് ചുരുട്ടിക്കെട്ടിയത്. സ്‌കോര്‍: ഇന്ത്യ 45.4 ഓവറില്‍ 169, ഇംഗ്ലണ്ട് 43.3 ഓവറില്‍ 153.
ഇന്ത്യന്‍ നിരയില്‍ അഞ്ചു പേര്‍ അക്കൗണ്ട് തുറക്കാതെ പുറത്തായെങ്കിലും ഓപണര്‍ സ്മൃതി മന്ദാനയും (79 പന്തില്‍ 50) ദീപ്തി ശര്‍മയും (106 പന്തില്‍ 68 നോട്ടൗട്ട്) പൂജ വസ്ത്രാക്കറും (38 പന്തില്‍ 22) ടീമിനെ ചുമലിലേറ്റി. മറ്റാരും നാലിനു മേല്‍ സ്‌കോര്‍ ചെയ്തില്ല. ഇംഗ്ലണ്ട് സമ്മാനിച്ച 20 എക്‌സ്ട്രാ റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിന് മാന്യത നല്‍കി. രണ്ടാം മത്സരത്തില്‍ തട്ടുതകര്‍പ്പന്‍ സെഞ്ചുറിയടിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് നാലു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
കെയ്റ്റ് ക്രോസാണ് (10-2-26-4) ഇന്ത്യയുടെ ആദ്യ നാല് ബാറ്റര്‍മാരെയും പുറത്താക്കിയത്. അഞ്ചാമത്തെ പന്തില്‍ ശഫാലി വര്‍മയെയും (0) അടുത്ത ഓവറിലെ ആദ്യ പന്തില്‍ യാസ്തിക ഭാടിയയെയും (0) വൈകാതെ ഹര്‍മന്‍പ്രീതിനെയും ബൗള്‍ഡാക്കി. മന്ദാനയുടെ ചെറുത്തുനില്‍പും ആരുടെയും സഹായമില്ലാതെ ക്രോസ് അവസാനിപ്പിച്ചു. എല്‍.ബി ആയാണ് മന്ദാന പുറത്തായത്. ഫ്രേയ കെംപും (7-0-24-2) സോഫി എക്കിള്‍സ്റ്റനും (8.4-1-27-2) നാലു വിക്കറ്റ് പങ്കുവെച്ചു. 
ഇന്ത്യ തുല്യനാണയത്തില്‍ തിരിച്ചടിച്ചു. താമി ബ്യൂമോണ്ട് (8) സോഫി ഡങ്ക്‌ലി (7) എന്നിവരെ രേണുക ബൗള്‍ഡാക്കി. എമ്മ ലാംബിനെ (21) വിക്കറ്റ്കീപ്പര്‍ പിടിച്ചു. ആലിസ് കാപ്‌സിയുടെ (5) വിക്കറ്റാണ് ജുലാന് ലഭിച്ചത്. അടുത്തടുത്ത ഓവറുകളില്‍ ഡാനി വ്യാറ്റിനെയും (8) സോഫിയെയും രാജേശ്വരി ഗെയ്ക്‌വാദ് മടക്കി. 

 

Latest News