Sorry, you need to enable JavaScript to visit this website.

മാർക്ക് ലിസ്റ്റിന് കൈക്കൂലി: ഉക്രൈൻ വിദ്യാർഥികൾ പ്രതിഷേധത്തിൽ

കൊച്ചി- ഉക്രൈനിൽ നിന്നു മടങ്ങിയെത്തി വിദ്യാഭ്യാസം പുനരാരംഭിക്കാൻ ശ്രമിക്കുന്ന വിദ്യാർഥികളോട് മാർക്ക് ലിസ്റ്റിന് കൈക്കൂലി ആവശ്യപ്പെട്ടതിനെതിരെ പ്രതിഷേധം. വിദ്യാർഥികൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കാമെന്ന് വിദ്യാഭ്യാസ ഏജൻസികൾ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ പറഞ്ഞു. വിദേശ യൂനിവേഴ്സിറ്റികളിൽ പഠനം തുടരാനുള്ള ട്രാൻസ്‌ക്രിപ്റ്റുകൾ (മാർക്ക്ലിസ്റ്റ്) പത്തു ദിവസത്തിനകം ലഭ്യമാക്കാമെന്നും കൊച്ചിയിലെ പ്രമുഖ ഏജൻസികൾ പ്രതിഷേധവുമായി എത്തിയ വിദ്യാർഥികൾക്ക് ഉറപ്പു നൽകി. 
ട്രാൻസ്‌ക്രിപ്റ്റ് ലഭ്യമാക്കാൻ ഇടനിലക്കാർ ആവശ്യപ്പെട്ട 1000 ഡോളർ നൽകാനാവില്ലെന്ന് രവിപുരത്ത് ചേർന്ന അറുപതോളം രക്ഷിതാക്കളുടെ യോഗം വ്യക്തമാക്കി. കേരളത്തിലെ ഭൂരിഭാഗം വിദ്യാർഥികളും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസികൾ മുഖേനയാണ് ഉക്രൈനിൽ എത്തിയത്. അതിനാൽ വരും ദിവസങ്ങളിലും ഇതര ഏജൻസികളിൽ സന്ദർശനം നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. 
ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാനും തീരുമാനിച്ചു. യോഗത്തിൽ പങ്കെടുത്ത കൊച്ചി കോർപറേഷൻ കൗൺസിലർ പദ്മജ എസ്.മേനോൻ വിദേശ വിദ്യാഭ്യാസ ഏജൻസി പ്രതിനിധികളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഉടനെ മാർക്ക് ലിസ്റ്റുകളും ബന്ധപ്പെട്ട രേഖകളും ശരിയാക്കി നൽകാമെന്ന് അവർ ഉറപ്പുനൽകിയത്. കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്ക് പണം നൽകാതെ തന്നെ ട്രാൻസ്‌ക്രിപ്റ്റുകൾ ലഭിച്ച കാര്യം രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
 

Latest News