Sorry, you need to enable JavaScript to visit this website.

കാനഡയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 182 ശതമാനം വര്‍ധന

ടൊറന്റോ- 2014നു ശേഷം കാനഡയില്‍ വര്‍ഗ, വര്‍ണ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് 182 ശതമാനം വര്‍ധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്ക്. രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 159 ശതമാനമാണ് വര്‍ധനവുണ്ടായത്. 

2021ല്‍ ഏറ്റവും ഉയര്‍ന്ന വിദ്വേഷ കുറ്റകൃത്യങ്ങളാണ് കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ടൊറന്റോ (779), വാന്‍കൂവര്‍ (429), മോണ്‍ട്രിയല്‍ (260), ഒട്ടാവ (260), കാല്‍ഗറി (139) എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷം കാനഡയിലെ പട്ടണങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങളുടെ കണക്ക്. 

വര്‍ഗ, വര്‍ണ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ 182 ശതമാനം വര്‍ധിച്ചു. 2020 പരിഗണിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം വിദ്വേഷ പ്രചാരണത്തില്‍ 27 ശതമാനം വര്‍ധനയുണ്ടായി. ജൂത, മുസ്‌ലിം, കാത്തലിക് വിഭാഗങ്ങള്‍ക്കു നേരെയാണ് ഏറ്റവുമധികം വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 67 ശതമാനം വര്‍ധനയുണ്ടായി. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 64 ശതമാനം വര്‍ധനയുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം രംഗത്തുവന്നിരുന്നു. വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പിറക്കിയത്.

തുടര്‍ച്ചയുണ്ടാകുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രത മുന്നറിയിപ്പ്. ഇന്ത്യക്കാര്‍ക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ കാനഡ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് പ്രസ്താവനയിറക്കിയത്.

കാനഡയില്‍ എത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലോ ടൊറന്റോയിലെയോ വാന്‍കോവറിലേയോ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. അടിയന്തരഘട്ടങ്ങളില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകമാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. കാനഡയിലെ ആകെ ജനസംഖ്യയില്‍ 17 ലക്ഷത്തോളം പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്.

Latest News