Sorry, you need to enable JavaScript to visit this website.

മാസ്മരിക ഫുട്‌ബോളുമായി ബ്രസീല്‍, ഘാനയെ തകര്‍ത്തു

ലെ ഹാര്‍വ്- ആക്രമണ ഫുട്‌ബോളിന്റെ സൗന്ദര്യം ചാലിച്ച സന്നാഹ മത്സരത്തില്‍ റിച്ചാര്‍ലിസന്റെ ഇരട്ട ഗോളില്‍ ബ്രസീല്‍ 3-0 ന് ഘാനയെ തോല്‍പിച്ചു. ലോകകപ്പ് കളിക്കുന്ന ടീമാണ് ഘാന. മാര്‍ക്വിഞ്ഞോസാണ് ഹെഡറിലൂടെ ആദ്യ ഗോളടിച്ചത്. മൂന്നു ഗോളും ആദ്യ പകുതിയിലായിരുന്നു. കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ ശേഷം ബ്രസീല്‍ ഒരു കളിയിലേ അടിയറവ് പറഞ്ഞിട്ടുള്ളൂ, കഴിഞ്ഞ വര്‍ഷം കോപ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയോട്. 
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയക്കെതിരെ ഇറക്കുമെന്നു കരുതുന്ന ആക്രമണ ഇലവനെയാണ്് ടിറ്റെ പരീക്ഷിച്ചത്. നെയ്മാറും വിനിസിയൂസ് ജൂനിയറും താളം കണ്ടതോടെ ഘാന ഗോള്‍മുഖം ഏതു നിമിഷവും വീഴുമെന്നു തോന്നി. ലുക്കാസ് പക്വീറ്റയും റിച്ചാര്‍ലിസനും വിംഗുകളിലൂടെ കുതിച്ചെത്തി. റിസര്‍വ് കളിക്കാരായ ആന്റണിയെയും മാത്യുസ് കുഞ്ഞയെയും ബ്രസീല്‍ ഇറക്കിയതോടെയാണ് ഒടുവില്‍ ഘാന മത്സരത്തിലേക്ക് വന്നത്. മനോഹരമായ നീക്കത്തില്‍ നെയ്മാര്‍ ഗോളടിക്കേണ്ടതായിരുന്നു. പക്ഷെ അല്‍പം ലക്ഷ്യം തെറ്റി. പെലെയുടെ 77 ഗോളിന്റെ ബ്രസീല്‍ റെക്കോര്‍ഡിനോടടുക്കുകയാണ് നെയ്മാര്‍. 
 

Latest News