Sorry, you need to enable JavaScript to visit this website.

തുറൈഫിൽ പ്രൗഢമായ ദേശീയ ദിനാഘോഷം: ഘോഷയാത്രയും കലാ സാംസ്‌കാരിക പരിപാടികളും

തുറൈഫ് ഹൈവേയിലെ പതാക മൈതാനിയിൽ നടന്ന സൗദി ദേശീയ ദിനാഘോഷ പരിപാടിയിൽ ഗവർണർ ബദ്ർ ബിൻ നജ്ർ പങ്കെടുക്കുന്നു. 

തുറൈഫ്- സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനം തുറൈഫിൽ പ്രൗഢമായി ആഘോഷിച്ചു. നഗരമധ്യത്തിൽ ഘോഷയാത്രയും കലാ സാംസ്‌കാരിക പരിപാടികളും നടന്നു.
തുറൈഫ്-ഖുറയാത്ത് ഹൈവേയുടെ ഓരത്ത് ജനറൽ ആശുപത്രിക്ക് സമീപമുള്ള പതാക മൈതാനിയിൽ നൂറ് മീറ്റർ ഉയരത്തിൽ വലിയ പതാക തുറൈഫ് ഗവർണർ ബദ്ർ ബിൻ നജ്ർ ഉയർത്തി. ഉത്തര അതിർത്തി പ്രവിശ്യയിൽ ഏറ്റവും വലിപ്പമുള്ള പാതകയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ആഘോഷത്തിൽ പട്ടാളം, പോലീസ്, ട്രാഫിക് വിഭാഗം, ജാവസാത്ത്, റെഡ് ക്രസന്റ്, സിവിൽ ഡിഫൻസ്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. 
നഗരസഭയുടെ നേതൃത്വത്തിൽ നഗരമധ്യത്തിൽ കൺവെൻഷൻ ഓഡിറ്റോറിയത്തിൽ കലാ സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ആഘോഷ പരിപാടികൾ വെള്ളിയാഴ്ച വൈകുന്നേരം നടന്നു. 

ആഘോഷത്തിൽ അനവധി സ്ത്രീകളും കുട്ടികളും പങ്കു കൊണ്ടു. തുറൈഫ് വിമാനത്താവളത്തിൽ രാവിലെ ഒമ്പത് മണിക്ക് ദേശീയ ദിന പരിപാടികൾ ഗംഭീരമായി നടത്തി. കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രണ്ട് ദിവസങ്ങളിലായാണ് വിവിധ പരിപാടികൾ നടത്തുന്നത്. വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ യുവാക്കൾ നടത്തുന്ന വാഹന ഘോഷയാത്രയും ഉണ്ടായിരുന്നു.

രാജ്യത്തിന്റെ ഐക്യത്തിലും പുരോഗതിയിലും നിർഭയത്വത്തിലും ഓരോ സൗദി പൗരനും ഇവിടെയുള്ള വിദേശിയും അഭിമാനം കൊള്ളുന്നതായി ഗവർണർ ബദ്ർ ബിൻ നജ്ർ ആശംസകൾ അറിയിച്ചു കൊണ്ട് പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, ശാസ്ത്ര മേഖലകളിൽ രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം ഉയർച്ചയിലേക്ക് നടന്നു നീങ്ങിയതായും അദ്ദേഹം അവകാശപ്പെട്ടു.

Tags

Latest News