Sorry, you need to enable JavaScript to visit this website.

18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യം - അൽറുമയ്യാൻ

റിയാദ് - പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് നിക്ഷേപങ്ങളിലൂടെ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി പി.ഐ.എഫ് ഗവർണർ യാസിർ അൽറുമയ്യാൻ. നിക്ഷേപം നടത്തുന്ന ഓരോ ഡോളറിലൂടെയും ചുരുങ്ങിയത് രണ്ടു ഡോളറിന്റെ സാമ്പത്തിക സ്വാധീനം കൈവരിക്കണമെന്ന് ഫണ്ട് ലക്ഷ്യമിടുന്നു. കാർബൺ ബഹിർഗമനം കുറക്കുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് കാർ നിർമാണ കമ്പനികളുമായി ചേർന്ന് പി.ഐ.എഫ് പഠിക്കുന്നുണ്ട്. ലോകത്ത് കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞ എണ്ണ കമ്പനികളിൽ ഒന്നാണ് സൗദി അറാംകൊ എന്നും അറാംകൊ ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ യാസിർ അൽറുമയ്യാൻ പറഞ്ഞു.
സൗദി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചില മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കാൻ ഫണ്ടിന് നീക്കമുണ്ട്. പ്രതിവർഷം 4,000 കോടി മുതൽ 5,000 കോടി ഡോളർ വരെ സൗദിയിൽ നിക്ഷേപങ്ങൾ നടത്താൻ ഫണ്ട് ആഗ്രഹിക്കുന്നു. അഞ്ചു വർഷത്തിനിടെ പത്തു വ്യത്യസ്ത മേഖലകളിൽ പി.ഐ.എഫ് 54 കമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് തുടരുകയാണ് പുതിയ ലക്ഷ്യം. രാജ്യത്ത് ചുരുങ്ങിയത് 18 ലക്ഷം മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഫണ്ട് ആഗ്രഹിക്കുന്നതെന്നും യാസിർ അൽറുമയ്യാൻ പറഞ്ഞു. 
വിമാനങ്ങൾ ലീസിനു നൽകുന്ന മേഖലയിൽ ഏവിലീസ് എന്ന പേരിൽ അടുത്തിടെ പി.ഐ.എഫ് പുതിയ കമ്പനി ആരംഭിച്ചിരുന്നു. വിമാനങ്ങൾ വാടകക്ക് നൽകൽ, വിൽപന, വിമാനനിര മാനേജ്‌മെന്റ് എന്നിവയിൽ ഊന്നിയാണ് കമ്പനി പ്രവർത്തിക്കുന്നത്. വിമാനങ്ങൾ വാങ്ങി മറിച്ച് വാടകക്ക് നൽകൽ, വിമാനങ്ങൾ നിർമിക്കുന്ന കമ്പനികളിൽ നിന്ന് നേരിട്ട് വിമാനങ്ങൾ വാങ്ങൽ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഏറ്റെടുക്കൽ, ലോകത്തെ മുൻനിര വിമാന കമ്പനികൾ നിർമിക്കുന്ന വിവിധ ഇനങ്ങളിൽ പെട്ട നൂതന വിമാനങ്ങൾ അടങ്ങിയ വിമാനനിര സ്ഥാപിക്കൽ എന്നീ മേഖലകളിൽ കമ്പനി പ്രവർത്തിക്കും. 
ലോകത്തെ ഏറ്റവും വലിയ സോവറീൻ ഫണ്ടുകളിൽ ഒന്നാണ് പി.ഐ.ഫ്. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം ഫണ്ടിനു കീഴിൽ 2.3 ട്രില്യൺ റിയാലിന്റെ ആസ്തികളുണ്ട്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സോവറീൻ ഫണ്ട് ആയി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മാറി. സൗദിയിൽ സാമ്പത്തിക വളർച്ചയും വൈവിധ്യവൽക്കരണവും വേഗത്തിലാക്കാൻ പി.ഐ.എഫ് നിക്ഷേപങ്ങൾ സഹായിക്കുന്നുണ്ട്. 
സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 2015 അവസാനത്തിൽ ലോകത്തെ ഏറ്റവും വലിയ സോവറീൻ ഫണ്ടുകളിൽ 31 -ാം സ്ഥാനത്തായിരുന്നു പി.ഐ.എഫ്. ആറു വർഷത്തിനിടെ 26 സ്ഥാനങ്ങൾ മറികടക്കാൻ സൗദി ഫണ്ടിന് സാധിച്ചു. 2015 അവസാനത്തിൽ സൗദി ഫണ്ട് ആസ്തികൾ 152 ബില്യൺ ഡോളർ (570 ബില്യൺ റിയാൽ) ആയിരുന്നു. 
2016 ൽ വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം ഫണ്ട് ആസ്തികൾ മൂന്നിരട്ടി വർധിച്ചു. ആറു വർഷത്തിനിടെ ഫണ്ട് ആസ്തികളിൽ 468 ബില്യൺ ഡോളറിന്റെ (1.38 ട്രില്യൺ റിയാൽ) വളർച്ചയാണുണ്ടായത്. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം 2016 ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടർ ബോർഡ് ചെയർമാൻ പദവി ഏറ്റെടുക്കുകയും ഫണ്ടിന്റെ ഘടന പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. സൗദി അറാംകൊയുടെ നാലു ശതമാനം ഓഹരികൾ കഴിഞ്ഞ ഫെബ്രുവരിയിൽ പി.ഐ.എഫിലേക്ക് മാറ്റിയിരുന്നു. ഇതോടെ ഫണ്ട് ആസ്തികൾ 580 ബില്യൺ ഡോളറായി. 
2025 വരെയുള്ള കാലത്ത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ പ്രതിവർഷം ചുരുങ്ങിയത് 150 ബില്യൺ റിയാൽ തോതിൽ നിക്ഷേപങ്ങൾ നടത്താനും ആസ്തികൾ നാലു ലക്ഷം കോടി റിയാലായി ഉയർത്താനും പ്രത്യക്ഷമായും പരോക്ഷമായും 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഫണ്ട് ലക്ഷ്യമിടുന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആസ്തികൾ 2025 അവസാനത്തോടെ നാലു ട്രില്യൺ റിയാലായും 2030 ഓടെ പത്തു ട്രില്യൺ റിയാലായും ഉയർത്താനാണ് ശ്രമം. 

Tags

Latest News