Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ അരിക്കെതിരെ സൗദി; കീടനാശിനി ഉപയോഗം കുറക്കണമെന്ന് ആവശ്യം

റിയാദ് - ഇന്ത്യ കയറ്റി അയക്കുന്ന ബസ്മതി അരിയിൽ കീടനാശിനി ഉപയോഗം കുറക്കണമെന്ന് സൗദി അറേബ്യയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയിലെ അരി കയറ്റുമതി കമ്പനികളോടും ഏജൻസികളോടും ആവശ്യപ്പെട്ടു. ഇന്ത്യൻ അരിയിലെ ഉയർന്ന കീടനാശിനികളുടെ ഉപയോഗം ഉപയോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായി മാറിയേക്കും. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുന്നതിൽ സൗദി അറേബ്യയും യൂറോപ്യൻ രാജ്യങ്ങളും കർശനമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നു. 
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബസ്മതി അരിയിൽ ചില ഹാനികരമായ ഫംഗസുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഹാനികരമായ കീടനാശിനികളുടെ അവശിഷ്ടങ്ങൾ പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്ന് ഏതാനും ലോഡ് അരി സൗദി അറേബ്യയും യൂറോപ്യൻ രാജ്യങ്ങളും തിരിച്ചയച്ചിരുന്നു. പഞ്ചാബ് പോലുള്ള ചില സംസ്ഥാനങ്ങളാണ് കീടനാശിനികൾ അമിതമായി ഉപയോഗിക്കുന്നതെന്ന് ഓൾ ഇന്ത്യ റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പറയുന്നു. സൗദി അറേബ്യയിലേക്കുള്ള അരി കയറ്റുമതിയുടെ 50 ശതമാനവും പഞ്ചാബിൽ നിന്നാണ്. 
കർഷകരുടെ വയലുകളിൽ നിന്നു തന്നെ സാമ്പിളുകൾ പരിശോധിക്കാൻ അസോസിയേഷൻ ഇപ്പോൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതൽ നോർവേ, സ്വീഡൻ, ഇംഗ്ലണ്ട്, ഫിൻലാന്റ് എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ച 30 കണ്ടെയ്‌നർ അരി സ്വീകരിക്കാതെ തിരിച്ചയച്ചു. ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികളുടെ ഉപയോഗം വിലക്കാൻ ശ്രമിച്ച് അസോസിയേഷൻ പഞ്ചാബിൽ കർഷകർക്കിടയിൽ ബോധവൽക്കരണം നടത്താൻ തുടങ്ങിയിട്ടുണ്ട്. ഹാനികരമായ കീടനാശിനികളുടെ ഉപയോഗം ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നും ഓൾ ഇന്ത്യ റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പറഞ്ഞു. 

Tags

Latest News