Sorry, you need to enable JavaScript to visit this website.

പ്രശ്‌നച്ചുഴിയില്‍ ലോക ചാമ്പ്യന്മാര്‍

ക്രൊയേഷ്യ-ഡെന്മാര്‍ക്ക്
ഫ്രാന്‍സ്-ഓസ്ട്രിയ
പോളണ്ട്-നെതര്‍ലാന്റ്‌സ്
വ്യാഴം രാത്രി 10.00

പാരിസ് - നാഷന്‍സ് ലീഗില്‍ വ്യാഴാഴ്ച ഓസ്ട്രിയയെ നേരിടാനൊരുങ്ങവെ ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് പ്രശ്‌നച്ചുഴിയില്‍. പ്രമുഖ കളിക്കാരുടെ പരിക്ക്, പോള്‍ പോഗ്ബയുമായി ബന്ധപ്പെട്ട പണാപഹരണക്കേസ്, കീലിയന്‍ എംബാപ്പെയുടെ പരസ്യ കരാര്‍, നാഷന്‍സ് ലീഗിലെ തരംതാഴ്ത്തല്‍ ഭീഷണി... കോച്ച് ദീദിയര്‍ ദെഷോമിന് നിന്നുതിരിയാന്‍ സമയമില്ല. 
ഓസ്ട്രിയക്കും ഡെന്മാര്‍ക്കിനുമെതിരായ മത്സരങ്ങള്‍ ലോകകപ്പിനുള്ള അവസാന ഒരുക്കമായിരിക്കും. രണ്ടും ജയിച്ചില്ലെങ്കില്‍ നാഷന്‍സ് ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്യും. എന്നാല്‍ ഗോള്‍കീപ്പര്‍ ഹ്യൂഗൊ ലോറീസും സ്‌ട്രൈക്കര്‍ കരീം ബെന്‍സീമയുമുള്‍പ്പെടെ ഒമ്പത് മുന്‍നിര കളിക്കാരാണ് പരിക്കിന്റെ പിടിയില്‍. 2018 ലെ ലോകകപ്പ് ഫൈനല്‍ കളിച്ചവരില്‍ അഞ്ചു പേരേ ഇപ്പോഴത്തെ ടീമിലുള്ളൂ. അന്ന് ടീമിലുണ്ടായിരുന്നവരിലൊരാളായ ബെഞ്ചമിന്‍ മെന്‍ഡി നിരവധി ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് ഇംഗ്ലണ്ടില്‍ വിചാരണ നേരിടുകയാണ്. 
2010 ലെ ലോകകപ്പില്‍ കളിക്കാര്‍ കോച്ചിനെതിരെ പരസ്യമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2016 ലെ യൂറോ കപ്പിന് മുമ്പാണ് ബെന്‍സീമയെ ബ്ലാക്ക്‌മെയില്‍ കേസിനെത്തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നത്. അതുപോലൊരു പ്രതിസന്ധിയിലാണ് ഇപ്പോള്‍ ടീം. ഫ്രഞ്ച് ഫെഡറേഷന്‍ പ്രസിഡന്റ് എണ്‍പതുകാരനായ നോയല്‍ ലെ ഗ്രെയ്റ്റിനെതിരായ ലൈംഗികാരോപണം കൂനിന്മേല്‍ കുരുവായിരിക്കുകയാണ്. വനിതാ ജീവനക്കാര്‍ക്ക് മസാല സന്ദേശങ്ങള്‍ അയച്ചുവെന്നാണ് ആരോപണം. 
ബെന്‍സീമയുടെ അഭാവം ഒലിവിയര്‍ ജിരൂവിന് അവസരമാണ്. തിയറി ഓണ്‍റിയുടെ 51 ഗോളിന്റെ ഫ്രഞ്ച് റെക്കോര്‍ഡിനൊപ്പമെത്താനും ലോകകപ്പ് ടീമില്‍ സ്ഥാനം നേടാനുമുള്ള വാതിലാണ് ജിരൂവിന് മുന്നില്‍ തുറക്കുന്നത്. സെന്‍ട്രല്‍ ഡിഫന്റര്‍ ബെനോയ്റ്റ് ബദിയഷിലി, മിഡ്ഫീല്‍ഡര്‍ യൂസുഫ് ഫോഫാന, ഫോര്‍വേഡ് കോളോ മുവാനി തുടങ്ങിയലവര്‍ അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ്. യൂറോ കപ്പില്‍ പ്രി ക്വാര്‍ട്ടറില്‍ പുറത്തായ ഫ്രാന്‍സ് പിന്നീട് യൂറോപ്യന്‍ നാഷന്‍സ് ലീഗില്‍ കിരീടം നേടിയിരുന്നു.
 

Latest News