Sorry, you need to enable JavaScript to visit this website.

കേരള ക്രിക്കറ്റ് അസോസിയേഷൻ റിയാദ് കേരള പ്രീമിയർ ലീഗ് നവംബർ ആദ്യ വാരം

റിയാദ്- കേരള ക്രിക്കറ്റ് അസോസിയേഷൻ റിയാദിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ കേരള പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് നവംബർ ആദ്യ വാരത്തിൽ തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എക്‌സിറ്റ് പതിനെട്ടിലെ കെ.സി.എ റിയാദ് സ്‌റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ. ഐ.പി.എൽ  മാതൃകയിൽ ക്രമീകരിച്ച മത്സരങ്ങളിൽ എട്ട് ഫ്രാഞ്ചൈസികളാണ് ടീമുകളെ കളത്തിലിറക്കുന്നത്.
2016 ൽ റിയാദ് കേന്ദ്രീകരിച്ചു രൂപീകൃതമായ കെ.സി.എ റിയാദ് അസോസിയേഷനിൽ പ്രമുഖരായ മുപ്പതോളം ക്ലബുകൾ അംഗങ്ങളാണ്. നിരവധി ക്ലബ് ടൂർണമെന്റുകൾക്ക് നേതൃത്വം നൽകിയ അനുഭവ സമ്പത്തുമായാണ് കെ.സി.എ റിയാദ് ഇത്തവണ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്. വിവിധ ക്ലബുകളിൽ സ്ഥിരമായി കളിക്കുന്നവർ ഒരു ഫ്രാഞ്ചൈസിക്ക് കീഴിൽ ഒരു ടൂർണമെന്റിന് മാത്രമായി ഒന്നിക്കുന്നത് പുതിയ അനുഭവമായിരിക്കും. 
പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ താൽപര്യമുള്ള കളിക്കാർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സെപ്റ്റംബർ 27 ന് അവസാനിക്കും. സൗദിയിൽ താമസിക്കുന്ന കേരളക്കാരായ കളിക്കാർക്കാണ് പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസികളുടെ ഭാഗമാവാൻ സാധിക്കുക. രജിസ്റ്റർ ചെയ്യുന്ന മുഴുവൻ കളിക്കാരെയും എ, ബി, സി കാറ്റഗറികളായി തിരിച്ചു ഫ്രാഞ്ചൈസികൾക്ക് തെരഞ്ഞെടുക്കുന്നതിനായി പ്ലെയേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്. 
ഫ്രാഞ്ചൈസികൾക്ക് അനുവദിച്ച തുകയിൽ നിന്ന് രജിസ്റ്റർ ചെയ്ത കളിക്കാരെ തെരഞ്ഞെടുത്ത് അവരുടെ ടീമിനെ രൂപീകരിക്കുന്ന രീതിയിലാണ് പ്രീമിയർ ലീഗ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഫ്രാഞ്ചൈസികൾക്കും ഒരു ഐക്കൺ പ്ലെയറേയും, സി കാറ്റഗറിയിലുള്ള ഒരു ഓണർ പ്ലെയറേയും നിശ്ചയിക്കാനുള്ള അനുവാദം ഉണ്ടാവും. ടീം സ്‌ക്വാഡിലേക്ക് ആവശ്യമായ ബാക്കിയുള്ള 13 കളിക്കാരെ ഒക്ടോബർ 2 നു നടക്കുന്ന ലേലത്തിൽ ഫ്രാഞ്ചൈസികൾ രജിസ്റ്റർ ചെയ്ത കളിക്കാരിൽ നിന്ന് കണ്ടെത്തണം. ഒക്ടോബർ 5 ഓടുകൂടി ടൂർണമെന്റിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളുടെ ടീം സ്‌ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. 
ഫ്രാഞ്ചൈസികൾക്കുള്ള ജഴ്‌സിയുടെയും വിജയികൾക്കുള്ള ട്രോഫികളുടെ പ്രകാശനം, ടൂർണമെന്റ് ഫിക്‌സ്ചർ പ്രകാശനം എന്നിവ ഒക്ടോബർ 21 നു നടക്കും. ടൂർണമെന്റിൽ വിജയികളെ കാത്തിരിക്കുന്നത് പഞ്ചാബിൽ നിന്ന് പ്രത്യേകം തയാർ ചെയ്ത ക്രിക്കറ്റ് ലോകകപ്പ് മാതൃകയിലുള്ള ട്രോഫികളാണ്. ടൂർണമെന്റ് വിജയികൾക്ക് ട്രോഫിയും 3333 റിയാലും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 2222 റിയാലും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. മത്സരങ്ങൾ  നവംബർ മാസത്തിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ ടെക്‌നോ മേയ്ക് മാനേജിങ് ഡയറക്ടർ ഹബീബ് അബൂബക്കർ, കെ.സി.എ പ്രസിഡന്റ് ഷബിൻ ജോർജ്, ജനറൽ സെക്രട്ടറി എം.പി ഷഹ്ദാൻ, ട്രഷറർ സെൽവകുമാർ, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ നജീം അയ്യൂബ്, സുബൈർ കരോളം എന്നിവർ പങ്കെടുത്തു.

Tags

Latest News