Sorry, you need to enable JavaScript to visit this website.

യു. എസ് ഗ്രീന്‍ കാര്‍ഡിന് ശ്രമം തുടങ്ങി ഗോതബയ രാജപക്‌സെ

കൊളംബോ- കഴിഞ്ഞ മാസം പലായനം ചെയ്ത ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. അമേരിക്കയിലുള്ള ഭാര്യയ്ക്കും മകനും ഒപ്പം അവിടെ സ്ഥിരതാമസമാക്കാന്‍ യു. എസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
രാജപക്സെയുടെ ഭാര്യ ലോമ രാജപക്സെ യു. എസിലുള്ളതിനാല്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷയുടെ നടപടി ക്രമങ്ങള്‍ യു. എസിലെ അഭിഭാഷകര്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നുവെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ശ്രീലങ്കന്‍ മാധ്യമമായ ഡെയ്‌ലി മിറര്‍ പറയുന്നു. നേരത്തെ അമേരിക്കന്‍ പൗരത്വമുണ്ടായിരുന്ന രജപക്‌സെ 2019-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അതേ വര്‍ഷം തന്റെ യു. എസ് പൗരത്വം ഉപേക്ഷിച്ചിരുന്നു. ശ്രീലങ്കന്‍ സൈന്യത്തില്‍ നിന്ന് നേരത്തെ വിരമിച്ച രാജപക്സെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയിലേക്ക് മാറിയാണ് 1998-ല്‍ അമേരിക്കയിലേക്ക് കുടിയേറിയത്. 2005-ല്‍ അദ്ദേഹം ശ്രീലങ്കയിലേക്ക് മടങ്ങി. 
73 കാരനായ മുന്‍ പ്രസിഡന്റ് ഇപ്പോള്‍ ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ ഭാര്യയോടൊപ്പം താമസിക്കുകയാണ്. ഓഗസ്റ്റ് 25ന് ശ്രീലങ്കയിലേക്ക് മടങ്ങും. നവംബര്‍ വരെ തായ്ലന്‍ഡില്‍ തുടരാനുള്ള തന്റെ പ്രാഥമിക പദ്ധതി അദ്ദേഹം റദ്ദാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. രണ്ട് ദിവസം മുമ്പ് രാജപക്സെ തന്റെ അഭിഭാഷകരുമായി കൂടിയാലോചിക്കുകയും സുരക്ഷാ പ്രശ്നങ്ങള്‍ കാരണം തായ്ലന്‍ഡിലേക്ക് പോകാന്‍ സ്വാതന്ത്ര്യം അനുവദിക്കാത്തതിനാല്‍ ഈ മാസം അവസാനം ശ്രീലങ്കയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നെന്ന് ദിനപത്രം പറയുന്നു.
ലൊക്കേഷന്‍ വെളിപ്പെടുത്താത്ത ഹോട്ടലില്‍ രാജപക്സെയുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ബ്യൂറോയിലെ സാധാരണ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ബാങ്കോക്ക് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റിനോട് രാജ്യത്ത് തങ്ങുന്ന സമയത്ത് ഹോട്ടലില്‍ തന്നെ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം ശ്രീലങ്കയില്‍ തിരിച്ചെത്തിയാല്‍ രാജപക്സെയ്ക്ക് ഒരു സര്‍ക്കാര്‍ വസതിയും മുന്‍ പ്രസിഡന്റിന് നല്‍കുന്ന സുരക്ഷയും നല്‍കുന്നതിനെക്കുറിച്ച് ക്യാബിനറ്റ് ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News