Sorry, you need to enable JavaScript to visit this website.

ജദേജയും സി.എസ്.കെയും വഴിപിരിയുന്നു

ചെന്നൈ - രവീന്ദ്ര ജദേജയും ഐ.പി.എല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള വഴിപിരിയല്‍ പൂര്‍ണമാവുന്നു. കഴിഞ്ഞ സീസണിന് തൊട്ടുമുമ്പായി ജദേജയെ സി.എസ്.കെ ക്യാപ്റ്റനായി നിയമിച്ചതിനു ശേഷമുണ്ടായ നാടകീയ സംഭവപരമ്പരകള്‍ക്കൊടുവിലാണ് ഇരു കൂട്ടരും സ്വന്തം വഴിതേടാന്‍ തീരുമാനിച്ചത്. മേയില്‍ ഐ.പി.എല്‍ അവസാനിച്ച ശേഷം സി.എസ്.കെ മാനേജ്‌മെന്റുമായി ജദേജ ബന്ധപ്പെട്ടിട്ടില്ല. ഒരു കുടുംബം പോലെ കഴിയുന്നവരാണ് സി.എസ്.കെ കളിക്കാര്‍. നിരന്തര ബന്ധം പുലര്‍ത്തുന്നവരാണ്. എന്നാല്‍ സി.എസ്.കെയുടെ ഒരു പരിപാടിയിലും ജദേജ പങ്കെടുത്തിട്ടില്ല, ഭാവി പദ്ധതി എന്താണെന്ന് ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുമില്ല. 
ജദേജ ക്യാപ്റ്റന്‍സി ഏറ്റെടുത്തതു മുതല്‍ ടീമിന് തുടരെ തോല്‍വികളായിരുന്നു. എട്ടു കളികളില്‍ ആറും തോറ്റു. ഒടുവില്‍ ജദേജയെ ഒഴിവാക്കി മഹേന്ദ്ര സിംഗ് ധോണി തന്നെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. ക്യാപ്റ്റന്‍ സ്ഥാനത്ത് പിന്‍സീറ്റ് ഡ്രൈവിംഗ് നടക്കില്ലെന്നും ജദേജ സ്വയം തയാറെടുക്കേണ്ടതെന്നും ധോണി പരസ്യ പ്രസ്താവന നടത്തുകയും ചെയ്തു. ക്യാപ്റ്റന്‍സിയുടെ ഭാരം ജദേജയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും ധോണി കുറ്റപ്പെടുത്തി. ധോണിയുടെ വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനം അപമാനിക്കലായാണ് ജദേജ കണ്ടത്. തൊട്ടുപിന്നാലെ വാരിയെല്ലിന് പരിക്കേറ്റ് പ്ലേയിംഗ് ഇലവനില്‍ നിന്ന് ജദേജക്ക് വിട്ടുനില്‍ക്കേണ്ടി വന്നു. അതോടെ പൂര്‍ണമായും ഫ്രാഞ്ചൈസിയുമായുള്ള ബന്ധം താരം വിഛേദിച്ചു. ഈ വര്‍ഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ധോണിക്ക് ജദേജ ജന്മദിനാശംസ നേര്‍ന്നിട്ടില്ല. 
2013 ലാണ് ജദേജ സി.എസ്.കെയുടെ ഭാഗമായത്. പത്തു വര്‍ഷത്തിനിടയില്‍ ടീമിലെ  ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളിലൊരാളായി ഓള്‍റൗണ്ടര്‍. സി.എസ്.കെയില്‍ തുടക്കത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും സി.എസ്.കെയും പ്രത്യേകിച്ച് ധോണിയും ജദേജക്ക് പിന്തുണ നല്‍കി. 
ഒരു ഇന്ത്യക്കാരനായ ക്യാപ്റ്റനെ തേടുന്ന ഒന്നിലേറെ ഫ്രാഞ്ചൈസികള്‍ ജദേജയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. ഐ.പി.എല്ലില്‍ ജദേജയുടെ പ്രകടനം മോശമായാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ താരം പുറത്താവുമെന്നാണ് ധോണിയുടെ നിലപാടെന്നും അതിനാലാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിവാക്കിയതെന്നും സി.എസ്.കെ വൃത്തങ്ങള്‍ പറയുന്നു.
ജദേജക്ക് ഇപ്പോഴും സി.എസ്.കെയുമായി കരാറുണ്ട്. അടുത്ത സീസണിനു മുമ്പ് ജദേജയെ നിലനിര്‍ത്തണമോയെന്ന് സി.എസ്.കെയാണ് പ്രഖ്യാപിക്കേണ്ടത്.  

Latest News