Sorry, you need to enable JavaScript to visit this website.

അട്ടിമറിയോടെ  ലാ ലിഗക്ക് തുടക്കം

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിന് അട്ടിമറിത്തുടക്കം. കഴിഞ്ഞ സീസണിലെ നാലാം സ്ഥാനക്കാരായ സെവിയയെ 2-1 ന് ഒസസൂന തോല്‍പിച്ചു. സംശയാസ്പദ പെനാല്‍ട്ടിയാണ് ഒസസൂനക്ക് വിജയം സമ്മാനിച്ചത്. അയ്മാര്‍ ഒറോസ് പെനാല്‍ട്ടി കിക്ക് ഗോളാക്കി. 
ഒസസൂനയുടെ ചിമി അവിലയാണ് പുതിയ സീസണിലെ ആദ്യ ഗോളടിച്ചത്. ഒമ്പതാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളി യാസിന്‍ ബൂനൂവിനെ കീഴടക്കി. രണ്ടു മിനിറ്റിനകം റഫാ മിറിലൂടെ സെവിയ തിരിച്ചടിച്ചു. പിന്നീട് രണ്ടു ടീമുകളുടെയും ഷോട്ടുകള്‍ ക്രോസ്ബാറിനെ വിറപ്പിച്ചു. പാപ്പു ഗോമസുമായി ഉരസി ജോണ്‍ മോണ്‍കായോല വീണതോടെയാണ് റഫറി പെനാല്‍ട്ടിക്ക് വിസിലൂതിയത്, 74ാം മിനിറ്റില്‍. 
ഡിഫന്റര്‍മാരായ ഡിയേഗൊ കാര്‍ലോസും യൂള്‍സ് കൂണ്ടെയും ടീം വിട്ടതോടെ ഈ സീസണില്‍ സെവിയ ദുര്‍ബലമാണ്. 

Latest News