Sorry, you need to enable JavaScript to visit this website.

വനിതകളുടെ പ്രതിഷേധത്തിനു നേരെ താലിബാന്‍ വെടിയുതിര്‍ത്തു

കാബൂള്‍- സ്ത്രീകളുടെ പ്രതിഷേധസമരത്തില്‍ പങ്കെടുത്തവരെ പിരിച്ചുവിടാന്‍ താലിബാന്‍ വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സമരം ചെയ്ത സ്ത്രീകളെ താലിബാന്‍ സേന മര്‍ദ്ദിച്ചതായും സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റതായും എ. എഫ്. പി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്ത് 15നെ കരിദിനമെന്ന് വിശേഷിപ്പിക്കുന്ന ബാനറുകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ചാണ് സ്ത്രീകളുടെ പ്രതിഷേധമുണ്ടായത്. ഭക്ഷണം, ജോലി, സ്വാതന്ത്ര്യം എന്നെഴുതിയ ബാനറുകളും സമരത്തില്‍ ഉയര്‍ത്തിയിരുന്നു. നീതി, നീതി, ഈ അവഗണനയില്‍ ഞങ്ങള്‍ മടുത്തു എന്ന മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.  ജോലി ചെയ്യാനും രാഷ്ട്രീയ ഇടപെടലിനുമുള്ള അവകാശമാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. 

താലിബാന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കാബൂളിലെ ഓഫീസിന് മുന്നിലേക്കായിരുന്നു നാല്‍പ്പതോളം വനിതാ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. ഈ സമയത്തായിരുന്നു സൈന്യം ഇവരെ പിരിച്ചുവിടാന്‍ വായുവിലേക്ക് വെടിവെച്ചത്. വെടിവെപ്പിന് ശേഷം ഓടി മാറിയ സ്ത്രീകളെ സൈന്യം തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചതായും എ. എഫ്. പി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനില്‍ സ്ത്രീകള്‍ സമരരംഗത്തിറങ്ങുന്നത്.

അഫ്ഗാനിസ്ഥാന്റെ താലിബാന്‍ ഭരണം പിടിച്ചെടുത്ത്  രണ്ടു വര്‍ഷം തികയുന്ന ഘട്ടത്തിലാണ് രാജ്യത്തെ സ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. അതാണ് താലിബാനെ സ്ത്രീകള്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്.  

അധികാരത്തിലേറിയത് മുതല്‍ വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവുമടക്കമുള്ള സ്ത്രീകളുടെ അവകാശങ്ങളെ നിരാകരിക്കുന്ന തരത്തിലുള്ള നടപടികളാണ് താലിബാന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. യു. എസ് സേന അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ 2020 ആഗസ്ത് 15നായിരുന്നു താലിബാന്‍ രാജ്യത്ത് ഭരണം പിടിച്ചെടുത്തത്.

Tags

Latest News