Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ യുവാക്കളുടെ തൊഴില്‍ സ്ഥിതി ദയനീയമെന്ന് ഐ. എല്‍. ഒ

ന്യൂദല്‍ഹി- ഇന്ത്യയില്‍ യുവജനങ്ങളുടെ തൊഴില്‍ സ്ഥിതി ഏറ്റവും മോശം നിലയിലെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. 2020ലും 2021ലും ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതായും യുവാക്കള്‍ ദീര്‍ഘമായ തൊഴില്‍ സമയം നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020നെ അപേക്ഷിച്ച് 2021ല്‍ ഇന്ത്യയില്‍ യുവാക്കളുടെ തൊഴില്‍ അവസ്ഥ മോശമായതായും ഗ്ലോബല്‍ എംപ്ലോയ്‌മെന്റ് ട്രെന്റ്സ് ഫോര്‍ യൂത്ത് 2022 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ യൂത്ത് ഡേയുടെ മുന്നോടിയായായിരുന്നു ഐ. എല്‍. ഒ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് പ്രകാരം യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണെന്നും പറയുന്നുണ്ട്. ഇത് കോവിഡ് മഹാമാരി മറ്റേത് പ്രായക്കാരെക്കാളും യുവാക്കളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ്.

ജനസംഖ്യയും തൊഴിലും തമ്മിലുള്ള അനുപാതം വെച്ച് നോക്കുമ്പോള്‍ യുവാക്കളേക്കാള്‍ യുവതികളുടെ സ്ഥിതി മോശമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനസംഖ്യാ- തൊഴില്‍ അനുപാതം യുവതികളുടേത് വളരെ കുറവാണ്.

റിപ്പോര്‍ട്ടിലെ കണക്ക് പ്രകാരം 2022ല്‍ ആഗോളതലത്തില്‍ 27.4 ശതമാനം യുവതികളാണ് ജോലിയിലേര്‍പ്പെട്ടത്. ഇതേ വര്‍ഷം 40.3 ശതമാനം യുവാക്കള്‍ ജോലിയില്‍ പ്രവേശിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത യുവതികളേക്കാള്‍ 1.5 മടങ്ങ് കൂടുതലാണെന്നാണ് ഈ കണക്ക് തെളിയിക്കുന്നത്.

Latest News