Sorry, you need to enable JavaScript to visit this website.

കാന്തപുരം വിഭാഗം സമസ്തയുമായി അടുക്കാൻ മുസ്‌ലിം ലീഗ് ശ്രമം


കോഴിക്കോട്- സ്‌കൂളുകളിലെ ജെൻഡർ ന്യൂട്രൽ യൂനിഫോം വിവാദമടക്കം സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മുതലെടുത്ത് കാന്തപുരം വിഭാഗം സുന്നികളുമായി അടുക്കാൻ മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ തീവ്രശ്രമം. ഇ.കെ വിഭാഗം സുന്നികളുമായി ആശയപരമായ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും മുസ്‌ലിം ലീഗ് നേതൃത്വവുമായി മുൻപ് കാന്തപുരം ഇ.കെ.അബൂബക്കർ മുസ്‌ല്യാർ ഊഷ്മളമായ ബന്ധം സൂക്ഷിച്ചിരുന്നു. 
സംഘടനയുമായി ബന്ധപ്പെട്ട പ്രധാന പരിപാടികളിലെല്ലാം തന്നെ മുസ്‌ലിം ലീഗ് നേതാക്കളെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരമൊരു ബന്ധത്തിന് കാന്തപുരം വിഭാഗം താൽപര്യം കാണിക്കാറില്ല. മാത്രമല്ല, കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പരസ്യമായി തന്നെ ശത്രുപക്ഷത്ത് നിർത്തി ഇടതുമുന്നണിക്ക് രാഷ്ട്രീയമായ സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. അതോടെ കാന്തപുരവും മുസ്‌ലിം ലീഗ് നേതൃത്വവും തമ്മിലുള്ള ബന്ധം അവസാനിച്ച നിലയിലായിരുന്നു. എന്നാൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റെടുത്തതോടെ കാന്തപുരം വിഭാഗവുമായി അടുക്കുന്നതിന്  നിരന്തരം ശ്രമങ്ങൾ നടത്തിയിരുന്നു. അതിന് ഒരു പരിധി വരെ ഇപ്പോൾ ഫലം കാണുന്നുണ്ട്.


മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങളിൽ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടാനും ചില വിഷയങ്ങളിൽ തിരിച്ച് അവർക്കൊപ്പം നിൽക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ മുസ്‌ലിം  ലീഗ് നേതൃത്വം അടുത്ത കാലത്തായി നടത്തി വരുന്നുണ്ട്. ഇതിന് കാന്തപുരം വിഭാഗവും താൽപര്യം കാണിക്കുന്നുണ്ട്. സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് പ്രസിഡന്റായ ശേഷം വിവിധ മതനേതാക്കളുമായി  നടത്തിയ സംഗമത്തിൽ കാന്തപുരം അബൂബക്കർ മുസ്‌ല്യാരും പങ്കെടുത്തിരുന്നു.


കാന്തപുരം സുന്നി വിഭാഗത്തിന്റെ മുഖപത്രമായ 'സിറാജ്' ദിനപത്രത്തിലെ മാധ്യമ പ്രവർത്തകനും അതിലുപരി സംഘടന നേതൃത്വവുമായി വളരെയടുപ്പം പുലർത്തിയിരുന്ന കെ.എം. ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ അടുത്തിടെ ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം സുന്നികൾ സംസ്ഥാന സർക്കാരിനെതിരെ  ഉയർത്തിയ പ്രതിഷേധത്തിന് ഏറ്റവും അധികം പിന്തുണ നൽകിയത് മുസ്‌ലിം ലീഗായിരുന്നു. 
പാർട്ടി സംസ്ഥാന നേതാക്കൾ നേരിട്ട് ഇതിനെതിരെയുള്ള പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുകയും സർക്കാരിനെതിരെ പോർമുഖം തുറക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിഷയത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയുണ്ടായതോടെ ശ്രീറാമിന്റെ നിയമനം റദ്ദ് ചെയ്തുകൊണ്ട് തടിയൂരുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. 


സംസ്ഥാനത്തെ സ്‌കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടപ്പോൾ  അത് മതനിരാസത്തിനും ധർമിക മൂല്യങ്ങളെ തള്ളിക്കൊണ്ട്  അരാജകത്വത്തിനും വഴിയൊരുക്കുമെന്നും പറഞ്ഞ് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ സർക്കാരിനെതിരെ രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചപ്പോൾ കാന്തപുരം വിഭാഗത്തെയും അതിനൊപ്പം കൂട്ടാൻ ലീഗ് നേതൃത്വം കിണഞ്ഞ് ശ്രമിച്ചിരുന്നു. അതിന് ഫലം കാണുകയുമുണ്ടായി. ഈ വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കോഴിക്കോട്ട് വിളിച്ചുചേർത്ത മുസ്‌ലിം സമുദായ സംഘടനകളുടെ യോഗത്തിൽ കാന്തപുരം വിഭാഗത്തിൽ നിന്ന് പ്രൊഫ. എ.കെ.അബ്ദുൽ ഹമീദ് പങ്കെടുക്കുകയും ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്നതിനെതിരെയുള്ള ചെറുത്തുനിൽപപ്പിൽ കാന്തപുരം വിഭാഗത്തിന്റെ പൂർണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. സർക്കാരിനെ പിന്തുണയ്ക്കുന്ന കാന്തപുരം വിഭാഗം സുന്നികൾ അടക്കമുള്ളവർ ഈ വിഷയത്തിൽ മുസ്‌ലിം ലീഗിന്റെ നിലപാടിനൊപ്പമാണെന്ന് ബോധ്യമായതോടെ ജെൻഡർ ന്യൂട്രൽ യൂനിഫോം വ്യാപകമായി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിവുകഴിവുകൾ നിരത്തി പിന്നോക്കം പോകുകയാണ് ചെയ്തത്.


സംസ്ഥാന ഭരണത്തിനെതിരെ മുസ്‌ലിം ലീഗ് പോർമുഖം തുറക്കുമ്പോൾ അടുത്തിടെയായി അതിനൊപ്പം കാന്തപുരം വിഭാഗവും അണി ചേരുന്നത് ഇടതുമുന്നണിയെ വലിയ തോതിൽ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. നേരത്തെ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം കൈക്കൊണ്ടപ്പോൾ അതിനെതിരെ മുസ്‌ലിം ലീഗ് ഉയർത്തിക്കൊണ്ടു വന്ന പ്രക്ഷോഭത്തിൽ അണിചേരാൻ കാന്തപുരം വിഭാഗം സുന്നികൾ തയാറായിരുന്നില്ല. 


ഇതുമായി ബന്ധപ്പെട്ട് ലീഗ് വിളിച്ചുചേർത്ത യോഗങ്ങളിൽ പങ്കെടുക്കാൻ പോലും അവർ വിസമ്മതിച്ചു. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന്  കാന്തപുരം വിഭാഗത്തിന് ഇപ്പോഴുണ്ടായിട്ടുള്ള മാറ്റം മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ആശാവഹമാണ്. വഖഫ് ബോർഡ് നിയമന വിഷയത്തിൽ കാന്തപുരം വിഭാഗത്തിനൊപ്പം തന്നെ മുസ്‌ലിം ലീഗിന്റെ വോട്ട് ബാങ്കായ ഇ.കെ വിഭാഗം സുന്നികളെയും വലിയൊരു പരിധി വരെ ഒപ്പം നിർത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിരുന്നു. ഈ സംഘടനകളുടെ ആവശ്യ പ്രകാരം വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയുകയും ചെയ്തു.
അതേസമയം സാമുദായിക വിഷയങ്ങളുമായി ബന്ധപ്പെട്ട് യോജിക്കാൻ പറ്റുന്ന കാര്യങ്ങളിൽ മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളുമായി മുൻപും യോജിച്ചിട്ടുണ്ടെന്നും അല്ലാതെ ഇപ്പോഴത്തെ ചില തീരുമാനങ്ങളെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നുമാണ് കാന്തപുരം വിഭാഗം സുന്നികളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ. കഴിഞ്ഞ കുറച്ച് കാലങ്ങളായി കാന്തപുരം വിഭാഗവുമായി നിലനിന്നിരുന്ന അകൽച്ച കുറഞ്ഞു വരികയാണെന്നും മുൻപുണ്ടായിരുന്ന രീതിയിലുള്ള ഊഷ്മള ബന്ധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമെന്നും ആശാവഹമായ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് മുസ്‌ലിം ലീഗ് നേതാക്കളിൽ  നിന്നുള്ള പ്രതികരണങ്ങൾ.

Latest News