Sorry, you need to enable JavaScript to visit this website.

യുദ്ധങ്ങള്‍ അഞ്ച് വര്‍ഷത്തേക്കെങ്കിലും നിര്‍ത്തിവെക്കാന്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്

മെക്സിക്കോ സിറ്റി- അഞ്ച് വര്‍ഷത്തേക്ക് യുദ്ധങ്ങള്‍ നിര്‍ത്തിവെച്ച് സമാധാനമുണ്ടാക്കാന്‍ മൂന്ന് ലോക നേതാക്കളെ ഉള്‍പ്പെടുത്തി കമ്മീഷന്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവുമായി മെക്‌സിക്കന്‍ പ്രസിഡന്റ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഫ്രാന്‍സിസ് മാര്‍പാപ്പ, യു. എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് ആന്‍ഡ്രേ മാനുവല്‍ ലോപസ് ഒബ്രഡോര്‍ യു. എന്നിന് രേഖാമൂലം നിര്‍ദ്ദേശം നല്‍കാനൊരുങ്ങുന്നത്. 

പ്രസ്തുത നിര്‍ദ്ദേശം രേഖാമൂലം നല്‍കുമെന്നും യു. എന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഇത് പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒബ്രഡോര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അവരുടെ ജനങ്ങളെയും പ്രത്യേകിച്ച് യുദ്ധങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകളെയും പിന്തുണയ്ക്കാന്‍ തയ്യാറാകുമെന്നും പിരിമുറുക്കവും അക്രമവുമില്ലാത്ത സമാധാനത്തോടെയുള്ള അഞ്ച് വര്‍ഷം ലോകത്തിന് ലഭിക്കുമെന്നും ആന്‍ഡ്രേ മാനുവല്‍ ലോപസ് ഒബ്രഡോര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

യുദ്ധസമാനമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെക്സിക്കന്‍ പ്രസിഡന്റ് ചൈനയെയും റഷ്യയെയും അമേരിക്കയെയും സമീപിക്കുകയും സമാധാന ശ്രമങ്ങള്‍ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. തായ്വാന്‍, ഇസ്രഈല്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളുടെ കാര്യത്തിലായിരിക്കും കമ്മീഷന്‍ ഉടമ്പടിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.

Latest News