Sorry, you need to enable JavaScript to visit this website.

ഖത്തര്‍ ലോകകപ്പ്  നേരത്തെ തുടങ്ങും

ദോഹ - ഖത്തര്‍ ലോകകപ്പ് നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ തുടങ്ങും. ആതിഥേയരായ ഖത്തറിന് ഉദ്ഘാടന മത്സരം കളിക്കാന്‍ അവസരമൊരുക്കാനാണ് ഇത്. നവംബര്‍ 20 ന് ഇക്വഡോറുമായാണ് ഖത്തര്‍ ഉദ്ഘാടന മത്സരം കളിക്കുക. നിശ്ചയിച്ചതിലും 24 മണിക്കൂര്‍ നേരത്തെ. നവംബര്‍ 21 ന് ലോകകപ്പ് തുടങ്ങാനായിരുന്നു പദ്ധതി. നേരത്തെയുള്ള ഷെഡ്യൂള്‍ അനുസരിച്ച് ഉദ്ഘാടന മത്സരം നെതര്‍ലാന്റ്‌സും സെനഗാലും തമ്മിലാണ്. ഉദ്ഘാടന ദിനത്തിലെ മൂന്നാമത്തെ മത്സരമായിരുന്നു ഖത്തറിന്റേത്. ഇംഗ്ലണ്ടും ഇറാനും തമ്മിലായിരുന്നു രണ്ടാമത്തെ മത്സരം. ഔദ്യോഗിക ഉദ്ഘാടനമായി അന്ന് രാത്രി ഏഴിന് ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. 
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരോ നിലവിലെ ചാമ്പ്യന്മാരോ ഇറങ്ങുന്നതാണ് ലോകകപ്പില്‍ ഏറെക്കാലമായി തുടരുന്ന രീതി. ഖത്തറുമായുള്ള മത്സരം നേരത്തെയാക്കാന്‍ ഇക്വഡോറിന്റെയും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെയും സമ്മതം ആവശ്യമായിരുന്നു. അത് ലഭിച്ചുവെന്നാണ് സൂചന. 
മറ്റൊരു മാറ്റം കൂടിയുണ്ടാവും. നെതര്‍ലാന്റ്‌സും സെനഗാലും തമ്മിലുള്ള മത്സരം നവംബര്‍ 21 ന് ഉച്ച ഒരു മണിക്കാണ് തുടങ്ങേണ്ടിയിരുന്നത്. അത് രാത്രി ഏഴിലേക്ക് മാറ്റി. രണ്ടു രാജ്യങ്ങളിലെയും ടി.വി പ്രേക്ഷകര്‍ക്ക് അനുയോജ്യമായ സമയമാണ് ഇത്. ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍ മാറ്റമില്ല. 
ഉദ്ഘാടന മത്സരം അറുപതിനായിരം പേര്‍ക്കിരിക്കാവുന്ന അല്‍ബൈത് സ്റ്റേഡിയത്തിലാണ്. അറബ് തമ്പുകളുടെ മാതൃകയിലുള്ള ഈ സ്റ്റേഡിയത്തില്‍ അവിസ്മരണീയമായ ഉദ്ഘാടനച്ചടങ്ങിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. 
ശനിയാഴ്ച ലോകകപ്പിന്റെ 100 ദിന കൗണ്ട്ഡൗണ്‍ തുടങ്ങേണ്ടതാണ്. കിക്കോഫ് ദിനം മാറിയാല്‍ വെള്ളിയാഴ്ചയായിരിക്കും 100 ദിന കൗണ്ട്ഡൗണ്‍. ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം 28 ദിവസത്തില്‍ നിന്ന് 29 ദിവസവമാവും. 
പുതിയ മത്സരക്രമമുനസരിച്ച് ഞായറാഴ്ചയാണ് ലോകകപ്പ് തുടങ്ങുക. ഫിഫയും പ്രധാന ലീഗുകളും തമ്മിലുള്ള ധാരണയനുസരിച്ചാണ് ഞായറാഴ്ച ലോകകപ്പ് തുടങ്ങേണ്ടെന്ന് ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചത്. അതനുസരിച്ച് ഗ്രൂപ്പ് ഘടത്തില്‍ ദിവസം നാലു മത്സരം കളിച്ച് 28 ദിവസം കൊണ്ട് ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ ധാരണയായി. എന്നാല്‍ ഖത്തര്‍-ഇക്വഡോര്‍ മത്സരത്തില്‍ യൂറോപ്യന്‍ ലീഗുകളില്‍ നിന്നുള്ള അധികം കളിക്കാരില്ല. യൂറോപ്യന്‍ ലീഗുകള്‍ ലോകകപ്പിന് ഒരാഴ്ച മുമ്പാണ് നിര്‍ത്തി വെക്കുക. ഫൈനല്‍ ഖത്തറിന്റെ ദേശീയ ദിനമായ  ഡിസംബര്‍ 18 ഞായറാഴ്ചയാണ്.
 

Latest News