Sorry, you need to enable JavaScript to visit this website.

നിഹാലിന് സ്വര്‍ണം, ഇന്ത്യക്ക് വെങ്കലം

മഹാബലിപുരം - ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയുടെ രണ്ടാം ടീമിന് വെങ്കലം. പതിനൊന്നാമത്തെയും അവസാനത്തെയും റൗണ്ടില്‍ ജര്‍മനിയെ തോല്‍പിച്ചാണ് ഇന്ത്യ മെഡലുറപ്പാക്കിയത്. മലയാളി താരം നിഹാല്‍ സരിനും റൗണക് സാധ്വാനിയും വിജയിച്ചപ്പോള്‍ ഡി. ഗൂകേഷും ആര്‍. പ്രജ്ഞനന്ദയും സമനിലയ നേടി. 3-1 നാണ് ഇന്ത്യയുടെ ജയം. വ്യക്തിഗത വിഭാഗത്തില്‍ നിഹാലും ഡി. ഗൂകേഷും സ്വര്‍ണം നേടി. അര്‍ജുന്‍ എരിഗിയാസി വെള്ളിയും പ്രജ്ഞനന്ദ വെങ്കലവും കരസ്ഥമാക്കി. 
ഇന്ത്യ 2 ന് 18 പോയന്റുണ്ട്. ഉസ്‌ബെക്കിസ്ഥാന്‍ ചാമ്പ്യന്മാരായി, ആര്‍മിനിയയാണ് റണ്ണേഴ്‌സ്അപ്. നെതര്‍ലാന്റ്‌സിനെ തോല്‍പിച്ചാണ് ഉസ്‌ബെക്കിസ്ഥാന്‍ പത്താം റൗണ്ട് വരെ മുന്നിലായിരുന്നു ആര്‍മിനിയയെ മറികടന്നത്. 
ചെസ് ഒളിംപ്യാഡിന്റെ ഓപണ്‍ വിഭാഗത്തില്‍ ഇന്ത്യ രണ്ടാം തവണയാണ് മെഡല്‍ നേടുന്നത്. 2014 ലായിരുന്നു ആദ്യ മെഡല്‍. 
ഇന്ത്യയുടെ ഒന്നാം നിര അമേരിക്കയുമായി സമനില പാലിച്ചെങ്കിലും നാലാം സ്ഥാനത്തായി. ഇന്ത്യ3 മുപ്പത്തൊന്നാം സ്ഥാനത്തായി. 
നിഹാല്‍ സരിന്റെ  സ്വര്‍ണനേട്ടം തൃശൂരിന് തങ്കത്തിളക്കമായി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  ത്വഗ് രോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ: എ.സരിന്റെയും മാനസികാരോഗ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: ഷിജിന്‍ സരിന്റെയും മകനാണ്. തൃശൂര്‍ പൂത്തോളിലാണ് താമസം. 

 

Latest News