Sorry, you need to enable JavaScript to visit this website.

ആത്മീയ ലക്ഷ്യങ്ങളുണ്ട്, സെറീന ടെന്നിസ് വിടുന്നു

പാരിസ് - എക്കാലത്തെയും മികച്ച വനിതാ കായിക താരങ്ങളിലൊരാളും ആഫ്രിക്കന്‍ അമേരിക്കന്‍ കായികതാരങ്ങളുടെ പ്രചോദന കേന്ദ്രവുമായ സെറീന വില്യംസ് ഐതിഹാസികമായ ടെന്നിസ് കരിയറിനോട് വിട ചോദിക്കുന്നു. ഈ വര്‍ഷത്തെ യു.എസ് ഓപണ്‍ തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് നാല്‍പതുകാരി പ്രഖ്യാപിച്ചു. ഇരുപത്തിനാലാമത്തെ ഗ്രാന്റ്സ്ലാം നേടി മാര്‍ഗരറ്റ് കോര്‍ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനക്ക് അവസാന അവസരമായിരിക്കും യു.എസ് ഓപണ്‍. തന്റെ 23 ഗ്രാന്റ്സ്ലാമുകളില്‍ ആദ്യത്തേത് സെറീന നേടിയത് യു.എസ് ഓപണിലാണ്. 
വ്യത്യസ്ത ദിശയിലേക്ക് നീങ്ങണമെന്ന് തീരുമാനിക്കേണ്ട അവസരം ജീവിതത്തില്‍ ഉണ്ടാവുമെന്ന് സെറീന പറഞ്ഞു. ടെന്നിസിനെ സ്‌നേഹിച്ചത് എന്റെ ഭാഗ്യമാണ്. ഇപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്. മാതാവെന്ന നിലയില്‍ ദൗത്യം നിര്‍വഹിക്കേണ്ടതുണ്ട്. ആത്മീയമായ ലക്ഷ്യങ്ങളുണ്ട്. ത്രസിപ്പിക്കുന്ന സെറീനയായിരിക്കും പുതിയ ഘട്ടത്തിലും ഉണ്ടാവുക. വരാനിരിക്കുന്ന ഏതാനും ആഴ്ചകള്‍ പൂര്‍ണമായി ആസ്വദിക്കും. 
ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം ടെന്നിസ് സിംഗിള്‍സ് മത്സരം ജയിച്ച ശേഷമാണ് സെറീനയുടെ പ്രഖ്യാപനം. ലോക അമ്പത്തേഴാം റാങ്കുകാരി നൂരിയ പരിസാസ് ഡിയാസിനെ ടൊറന്റൊ ഓപണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ തോല്‍പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപണിലായിരുന്നു സെറീന അവസാനമായി സിംഗിള്‍സ് മത്സരം ജയിച്ചത്. 23 ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായ നാല്‍പതുകാരി പിന്നീട് ദീര്‍ഘകാലം പരിക്കു കാരണം വിട്ടുനിന്നു. ഈ വര്‍ഷത്തെ വിംബിള്‍ഡണില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ റൗണ്ട് കടന്നില്ല. 
രണ്ടു മണിക്കൂറോളം നീണ്ട മത്സരത്തില്‍ 6-3, 6-4 നാണ് സെറീന ജയിച്ചത്. ഈ വര്‍ഷം സെറീന കളിക്കുന്ന രണ്ടാമത്തെ സിംഗിള്‍സ് മത്സരമാണ് ഇത്. 2021 ജൂണ്‍ നാലിന് ഫ്രഞ്ച് ഓപണില്‍ ഡാനിയേല്‍ കോളിന്‍സിനെതിരെയായിരുന്നു അവസാന ജയം. ഒന്നര വര്‍ഷത്തിനു ശേഷമാണ് സെറീന ഹാര്‍ഡ് കോര്‍ടില്‍ കളിക്കുന്നത്. 
ദീര്‍ഘകാലമായി കളിക്കാത്തത് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചതായി സെറീന പറഞ്ഞു. നീണ്ട തുരങ്കത്തിനു ശേഷം വെളിച്ചം കാണുന്നതു പോലെ തോന്നുന്നുവെന്ന് സെറീന അഭിപ്രായപ്പെട്ടു. ഏഴ് എയ്‌സുകള്‍ പായിച്ച സെറീന എട്ട് ബ്രെയ്ക്‌പോയന്റ് അഭിമുഖീകരിച്ചതില്‍ ഏഴും രക്ഷിച്ചു. 
സെറീന ജയിച്ചെങ്കിലും ചേച്ചി വീനസ് വില്യംസ് മോശം ഫോം തുടരുന്നു. ജില്‍ ടെയ്ക്മാനോട് 2-6, 3-6 ന് ആദ്യ റൗണ്ടില്‍ തോറ്റു.
 

Latest News