Sorry, you need to enable JavaScript to visit this website.

മോഡിയുടെ ആസ്തി 2.23 കോടി രൂപ; ഉണ്ടായിരുന്ന ഭൂമി ദാനം ചെയ്തു

ന്യൂദല്‍ഹി- പ്രധാനമന്ത്രിയുടെ സ്വത്തുക്കള്‍ 2.23 കോടി രൂപയായി ഉയര്‍ന്നു. പ്രധാനമായും പ്രധാനമന്ത്രിക്ക് ബാങ്ക് നിക്ഷേമാണുള്ളത്. ഗുജറാത്തിലെ ഗാന്ധിനഗറിലെ സ്ഥലത്തില്‍ ഉണ്ടായിരുന്ന ഓഹരി ദാനം ചെയ്തതായും ഏറ്റവും ഒടുവില്‍ അപ് ലോഡ് ചെയ്ത സ്വത്തുക്കളുടെ കണക്ക് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ പേരില്‍ വാഹനമോ ബോണ്ട്, ഷെയര്‍, മ്യൂചല്‍ഫണ്ട് തുടങ്ങിയ നിക്ഷേപമോ ഇല്ല. 1.73 ലക്ഷം രൂപയുടെ നാല് സ്വര്‍ണമോതിരങ്ങളുണ്ടെന്ന് മാര്‍ച്ച് 31 ന് നല്‍കിയ കണക്കില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന കണക്ക് പ്രകാരം കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള മൊത്തം ആസ്തി 2,23,82,504 രൂപയാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002 ഒക്ടോബറില്‍ മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് വാങ്ങിയ സ്ഥലമാണ് ഇപ്പോള്‍ ഒഴിവാക്കിയത്. സ്വത്തില്‍ ഉണ്ടായിരുന്ന 25 ശതമാനം  ഓഹരിയാണ് പ്രധാനമന്ത്രി ദാനം ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 31 ന് 35,250 രൂപയാണ് പണമായി പ്രധാനമന്ത്രിയുടെ കൈവശമുണ്ടായിരുന്നത്. പോസ്റ്റ് ഓഫീസിലെ നാഷണല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റില്‍ 9,05,105 രൂപയും ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ 1,89,305 രൂപയും നിക്ഷേപമുണ്ട്.
പ്രധാനമന്ത്രിയോടൊപ്പം മറ്റു മന്ത്രിമാരും സ്വത്തുവിവരങ്ങള്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സംഗിന് 8.45 കോടിയുടെ മൊത്തം ആസ്തിയുണ്ട്.

 

Latest News