Sorry, you need to enable JavaScript to visit this website.

ഹോക്കി ഫൈനലില്‍ ഇന്ത്യ നാണം കെട്ടു

ബേമിംഗ്ഹാം - കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പുരുഷ ഹോക്കി ഫൈനലില്‍ ലോക, ഒളിംപിക് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ മറുപടിയില്ലാത്ത ഏഴു ഗോളിന് ഇന്ത്യയെ നാണം കെടുത്തി. നിലവിലെ ചാമ്പ്യന്മരായ ഓസ്‌ട്രേലിയ പിഴവില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. അജയ്യരായി ഫൈനലിലെത്തിയ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. ഇഷ്ടാനുസരണം അവര്‍ ഇന്ത്യന്‍ പ്രതിരോധം പിച്ചിച്ചീന്തി. 
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കെതിരായ നാലു മത്സരങ്ങളില്‍ ഓസ്‌ട്രേലിയയുടെ നാലാം ജയമാണ് ഇത്. അവസാനമായി ടോക്കിയൊ ഒളിംപിക്‌സിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ നേരിട്ടപ്പോഴും ഇന്ത്യക്ക് കനത്ത തോല്‍വിയായിരുന്നു, 1-7 ന്. 
ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി. അവര്‍ക്കു കിട്ടിയ മൂന്നാമത്തെ പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ടോം വിക്കാമും (9ാം മിനിറ്റ്) മിന്നല്‍ പ്രത്യാക്രമണത്തില്‍ നാഥം എഫ്രോംസും (14) മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ കീഴടക്കി. രണ്ടാം ക്വാര്‍ട്ടറില്‍ അവര്‍ മൂന്നു ഗോള്‍ കൂടി ഇന്ത്യന്‍ വലയിലെത്തിച്ചു. പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ടിം ഹേവേഡും (22) മനോഹരമായ ഫീല്‍ഡ് ഗോളിലൂടെ വിക്കാമും (26) ജേക്കബ് ആന്‍ഡേഴ്‌സനും (27) സ്‌കോര്‍ ചെയ്തതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ വിറങ്ങലിച്ചു. 42ാം മിനിറ്റില്‍ എഫ്രോംസും 46ാം മിനിറ്റില്‍ ഫ്‌ളൈന്‍ ഒഗ്ലിവിയും സ്‌കോര്‍ പട്ടിക തികച്ചു. ഒരു പെനാല്‍ട്ടി കോര്‍ണര്‍ പോലും നേടാന്‍ ഇന്ത്യക്കു സാധിച്ചില്ല
 

Latest News