Sorry, you need to enable JavaScript to visit this website.

വിശദമായി പഠിക്കാതെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍

ന്യൂദല്‍ഹി- വിശദമായി പഠിക്കാതെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ ഓര്‍ഡിനന്‍സുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ല. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു. 

ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടില്ലെന്ന നിലപാട് സ്വീകരിച്ചതോടെ അസാധുവാകുക. ഭരണഘടന അനുസൃതമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും നിയമാനുസൃതമായി മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

ഓര്‍ഡിനന്‍സുകളില്‍ കൃത്യമായ വിശദീകരണം വേണം. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാകില്ല. തന്റെ അധികാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം എന്നതിനെ കുറിച്ച് അറിയില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത്. ഓര്‍ഡിനന്‍സിലൂടെ ഭരിക്കാനാണെങ്കില്‍ എന്തിനാണ് നിയമനിര്‍മ്മാണ് സഭകള്‍. മാധ്യമ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പക്ഷത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. 

ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിട്ടും ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല. ഓര്‍ഡിനന്‍സുകളുടെ കാരണം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ വിശദീകരിക്കണമെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്തെത്തിയതോടെ ആറ് നിയമങ്ങള്‍ ഭേദഗതിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് പുന:സ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയാണ് സംസ്ഥാനത്തുണ്ടാക്കുക.

Tags

Latest News