Sorry, you need to enable JavaScript to visit this website.

സഞ്ജുവിന്റെ കാത്തിരിപ്പിന് അന്ത്യം, നാലാം ട്വന്റി20 കളിക്കും

ലോഡര്‍ഹില്‍ - വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ ട്വന്റി20 യില്‍ കളിക്കാനുള്ള സഞ്ജു സാംസണിന്റെ കാത്തിരിപ്പിന് അന്ത്യം. ശ്രേയസ് അയ്യരെ ഒഴിവാക്കിയാണ് സഞ്ജുവിനെ ടീമിലെടുത്തത്. മോശം കാലാവസ്ഥ കാരണം മത്സരം വൈകുകയാണ്. 
സഞ്ജുവിന് പുറമെ ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയി, ഓഫ്‌സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരെയും ടീമിലെടുത്തു. ആര്‍. അശ്വിനെയും ഹാര്‍ദിക് പാണ്ഡ്യയെയും ഒഴിവാക്കി. മൂന്നാം ട്വന്റി20 യില്‍ പരിക്കേറ്റ് ബാറ്റിംഗില്‍ നിന്ന് പിന്മാറിയ രോഹിത് ശര്‍മ തന്നെയാണ് ടീമിനെ നയിക്കുന്നത്. 
ഇന്നും നാളെയുമായാണ് പരമ്പരയിലെ അവസാന മത്സരങ്ങള്‍. ഇന്ത്യ നാലാം തവണയാണ് ഇവിടെ കളിക്കുന്നത്. മുമ്പ് കളിച്ച മൂന്നു മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് തോറ്റത്. 2016 ല്‍ 244 റണ്‍സ് നേടിയിട്ടും വെസ്റ്റിന്‍ഡീസിനോട് ഒരു റണ്ണിന് തോറ്റു. വിന്‍ഡീസ് ഇവിടെ ആറു മത്സരം കളിച്ചു. മൂന്നെണ്ണം ജയിച്ചു. 
കരീബിയയില്‍ നടന്ന ആദ്യ മൂന്നു മത്സരങ്ങളില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം. ഇന്ത്യ വിട്ട ശേഷം ടീം അയര്‍ലന്റിലും ഇംഗ്ലണ്ടിലും ട്വന്റി20 പരമ്പര നേടിയിരുന്നു. 
ബാറ്റിംഗിനും ബൗളിംഗിലും പിന്തുണ ലഭിക്കുന്നതാണ് സെന്‍ട്രല്‍ ബൗള്‍വാഡ് പാര്‍ക്കിലെ പിച്ച്. ഇവിടെ മുമ്പ് നടന്ന 11 ട്വന്റി20 കളില്‍ ഒമ്പതിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. രണ്ടാമത് ബൗള്‍ ചെയ്യുന്നത് കൂടുതല്‍ ഗുണകരമാണ്. ശരാശരി സ്‌കോര്‍ 157 ആണ്. എന്നാല്‍ ഈയിടെ പുതുക്കിപ്പണിത പിച്ച് റണ്ണൊഴുക്കുമെന്നാണ് സൂചന. 

Latest News