Sorry, you need to enable JavaScript to visit this website.

മഅ്ദനിയെ  അനന്തകാലം  ജയിലിലടക്കാൻ ഗൂഢാലോചന -വെൽഫെയർ പാർട്ടി

കൊല്ലം- ബാംഗ്ലൂർ സ്‌ഫോടന കേസിൽ വിചാരണയുടെ അവസാന ഘട്ടത്തിൽ പുതിയ തെളിവുകൾ ഉണ്ടെന്ന പേരിൽ കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് മഅ്ദനിയെ അനന്തകാലം വിചാരണ തടവുകാരനാക്കി ജയിലിലടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ ആവശ്യം കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2008  ൽ ബാംഗ്ലൂരിൽ നടന്ന സ്‌ഫോടനത്തിൽ പ്രതി ചേർത്ത് 2010 ഓഗസ്റ്റ് 17  നാണ് മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത്.
ഇപ്പോൾ ബാംഗ്ലൂരിൽ ചികിത്സാർത്ഥം കർശന ഉപാധികളോടെ ജാമ്യത്തിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യ നില അത്യന്തം വഷളായിരിക്കുകയാണ്. കഴിഞ്ഞ വർഷം സ്‌ട്രോക്ക് വന്നത് അദ്ദേഹത്തിന്റെ ചലന ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്‌നി സംബന്ധമായ രോഗങ്ങൾ അടക്കം നിരവധി അസുഖങ്ങൾ അലട്ടുന്നുണ്ട്. ബാംഗ്ലൂർ പോലീസ് നിർദേശിക്കുന്ന സുരക്ഷ നിബന്ധനകൾ കാരണം ബാംഗ്ലൂരിലെ പല ആശുപത്രികളും അദ്ദേഹത്തിന്റെ ചികിത്സ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. നിലവിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ചികിത്സ നേടാൻ ബാംഗ്ലൂർ വിടാൻ അദ്ദേഹത്തിനാകില്ല. ഇത് സംബന്ധിച്ച് ഇളവ് തേടിയുള്ള ഹരജി കർണാടക സർക്കാർ എതിർക്കുന്നതിനാൽ കോടതി അംഗീകരിക്കുന്നില്ല. ഇതിനിടയിലാണ് വിചാരണ അനന്തമായി നീട്ടാനുള്ള നീക്കം നടക്കുന്നത്.
കർണാടകയുടെ ഈ നീക്കത്തിനെതിരെ കേരള സർക്കാർ സാധ്യമാകുന്ന നയപരവും നിയമപരവുമായ ഇടപെടലുകൾ നടത്തണം. വെൽഫെയർ പാർട്ടി കൊല്ലം ജില്ല ജനറൽ സെക്രട്ടറി ഡോ. അശോകൻ,  വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കബീർ പോരുവഴി എന്നിവരും  പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest News