Sorry, you need to enable JavaScript to visit this website.

പുര നിറഞ്ഞ് നിൽക്കുന്ന പുരുഷൻമാർക്ക് തമിഴ് വധുക്കളുമായി ബ്രോക്കർമാർ

കോഴിക്കോട്- കെട്ടുകണക്കിന് പണവുമായെത്തി ഗ്രാമീണ വീടുകളിൽ വട്ടിപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന തമിഴൻമാരുടെ വലിയ സംഘങ്ങൾ അടുത്തകാലം വരെ കേരളത്തിൽ വളരെ സജീവമായിരുന്നു. കുടുംബശ്രീകളിൽനിന്നും സ്വയം സഹായ സംഘങ്ങളിൽ നിന്നുമെല്ലാം സ്ത്രീകൾക്ക് വായ്പ ലഭിക്കാൻ തുടങ്ങിയതോടെ തമിഴൻമാരിൽനിന്ന് പണം കടം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതോടെ പഴയ വട്ടിപ്പലിശക്കാർ ഇപ്പോൾ പുതിയ ബിസിനസുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കേരളത്തിലെ യുവാക്കൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാത്തതാണെന്ന് ബോധ്യമായതോടെ വിവാഹ ബ്രോക്കർമാരായാണ് ഇവർ ഇപ്പോൾ രംഗത്തുള്ളത്. 

പെണ്ണ് കിട്ടാതെ പുര നിറഞ്ഞു നിൽക്കുന്ന കേരളത്തിലെ യുവാക്കൾക്ക് തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിൽനിന്നും കുടകിൽനിന്നുമെല്ലാം വിവാഹം കഴിക്കാനായി പെൺകുട്ടികളെ കണ്ടെത്തി നൽകുകയാണ് ഇവരുടെ പണി. ഇത്തരത്തിൽ തമിഴ് വിവാഹ ബ്രോക്കർമാരുടെ വലിയൊരു നിര തന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്. തമിഴ്‌നാട്ടിൻനിന്ന് തമിഴ് പെൺകുട്ടികളെ കണ്ടെത്തി നിരവധി വിവാഹങ്ങൾ ഇവർ നടത്തിക്കൊടുക്കുന്നുമുണ്ട്. കേരളത്തിൽ നിന്നുള്ള നിർധന പെൺകുട്ടികളെ പണ്ട് മൈസൂരിലേക്ക് വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായത്തിന്റെ നേരെ വിപരീത രീതിയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. നിർധനരായ ധാരാളം തമിഴ് യുവതികൾ കേരളത്തിന്റെ മരുമക്കളായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 

പക്ഷേ, ചുരുങ്ങിയ പണം ചെലവഴിച്ച് തമിഴത്തികളെ കല്യാണം കഴിക്കാമെന്ന് ആരും വിചാരിക്കേണ്ട. തമിഴൻ ബ്രോക്കർമാരുടെ ഫീസ് കേട്ടാൽ ആരും ഒന്നു ഞെട്ടും. ഒരു ലക്ഷം രൂപയാണ് ചുരുങ്ങിയ ബ്രോക്കർ ഫീസായി ഇവർ ഈടാക്കുന്നതെന്ന് തമിഴ്‌നാട്ടിൽനിന്ന് വിവാഹം കഴിച്ച യുവാക്കൾ പറയുന്നു. മാത്രമല്ല, വിവാഹം നടക്കുന്നതിന് മുമ്പ് ഒന്നിച്ചോ ഗഡുക്കളായോ ഈ തുക നൽകണം. ഇതിന് പുറമെ പെണ്ണുകാണാൻ പോകാനും കാർ വാടകയും മറ്റു ചെലവുകളുമായി ആയിരക്കണക്കിന് രൂപ വേണ്ടി വരും. കല്യാണത്തിനുള്ള ചെലവ് വേറെയും. സേലം, പൊള്ളാച്ചി, കോയമ്പത്തൂർ, കുടക് എന്നിവിടങ്ങളിൽ നിന്നും തമിഴ്‌നാട്ടിലെ മറ്റ് ഉൾപ്രദേശങ്ങളിൽ നിന്നുമാണ് വിവാഹത്തിനായി പെൺകുട്ടികളെ ബ്രോക്കർമാർ കണ്ടെത്തി നൽകുന്നത്. നേരത്തെ വട്ടിപ്പലിശക്ക് വായ്പ നൽകി കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്നതിനാൽ ബ്രോക്കർമാർക്ക് ഗ്രാമങ്ങളിലെ വീടുകളുമായും മറ്റും നല്ല ബന്ധമാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒരു ശൃംഖലയായാണ് ഇവർ പ്രവർത്തിക്കുന്നത്. 

വിവാഹം കഴിക്കാൻ താൽപര്യമുള്ളവരെ കണ്ടെത്തിയാൽ അവർക്ക് തമിഴ്‌നാട്ടിൽ പോയി പെണ്ണുകാണാനുള്ള സൗകര്യങ്ങൾ ബ്രോക്കർമാർ ചെയ്തു നൽകും. ഒറ്റ പോക്കിന് ആറും ഏഴും പെണ്ണുകാണൽ ചടങ്ങുകൾ നടക്കും. പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും വണ്ടിക്കാശ് മുടക്കി പെണ്ണ് കാണാൻ പോകേണ്ടി വരും. ഇഷ്ടപ്പെട്ടാൽ പെൺവീട്ടുകാരെന്ന് പറഞ്ഞ് ഒന്നോ രണ്ടോ ആളുകൾ ചെക്കന്റെ വീട് കാണാനെത്തും. ചെക്കനും കുടുംബത്തിനും സ്വന്തമായി ഒരു വീട് വേണമെന്നത് മാത്രമാകും അവരുടെ ഡിമാന്റ്. വിദ്യാഭ്യാസമോ, കാര്യമായ ജോലിയോ, സൗന്ദര്യമോ ഒന്നും പ്രശ്‌നമല്ല. ഇവരെ ഇവിടേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവും വിവാഹം കഴിക്കുന്ന ചെക്കനിൽനിന്ന് തന്നെ ബ്രോക്കർമാർ ഈടാക്കും. 

പെൺവീട്ടുകാർക്ക് ഇഷ്ടപ്പെട്ടാൽ പെണ്ണിന്റെ നാട്ടിൽ വെച്ചാണ് വിവാഹം നടത്തുക. പണമോ സ്വർണമോ ഒന്നും തന്നെ പെൺവീട്ടുകാർ നൽകില്ല. അഥവാ വിവാഹ വേളയിൽ പെണ്ണ് സ്വർണാഭരണങ്ങൾ അണിഞ്ഞിട്ടുണ്ടെങ്കിൽ വിവാഹം കഴിഞ്ഞ് കേരളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ആഭരണങ്ങൾ പെൺവീട്ടുകാർ അഴിച്ചു വാങ്ങും. വിവാഹ ശേഷം ഒന്നോ രണ്ടാ ദിവസങ്ങൾ വരൻ പെൺവീട്ടിൽ തങ്ങിയ ശേഷമാണ് വധൂവരൻമാർ സാധാരണ നാട്ടിലേക്ക് തിരിക്കാറുള്ളത്.
 
നാട്ടിൽ പെണ്ണ് കിട്ടാത്ത വിദ്യാഭ്യാസം കുറഞ്ഞവരും കൂലിപ്പണിക്കാരുമൊക്കെയായ എങ്ങനെയെങ്കിലും വിവാഹം നടക്കമെന്ന് ആഗ്രഹമുള്ള യുവാക്കളാണ് തങ്ങളെ തേടിയെത്തുന്നതെന്നാണ് തമിഴൻമാരായ ബ്രോക്കർമാർ പറയുന്നുന്നത്. മലബാറിലെ ജില്ലകളിലെ ഗ്രാമങ്ങളിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ തമിഴ് വിവാഹ ബന്ധങ്ങൾ നടക്കുന്നത്. 40 വയസ്സിന് താഴെയുള്ളവർക്ക് മാത്രമാണ് ബ്രോക്കർമാർ തമിഴ് വിവാഹം സെറ്റാക്കി നൽകുന്നത്. ജാതിയോ മതമോ സാമ്പത്തികമോ നോക്കാത്തവർക്ക് മാത്രമേ പെണ്ണിനെ കണ്ടെത്തിക്കൊടുക്കുകയുള്ളൂ. വിവാഹം കഴിഞ്ഞാൽ വിശേഷാവസരങ്ങളിലും മറ്റും ഭാര്യയെയും കൂട്ടി അവരുടെ നാട്ടിൽ പോകണമെന്നും ഭാര്യവീട്ടുകാർക്ക് പണവും വസ്ത്രങ്ങളുമൊക്കെ നൽകണമെന്നതടക്കമുള്ള കാര്യങ്ങൾ ബ്രോക്കർമാർ മണവാളൻമാരെ വിവാഹത്തിന് മുമ്പ് തന്നെ പറഞ്ഞു മനസ്സിലാക്കും. അതായത് പണച്ചെലവില്ലാതെ ചുളുവിൽ കല്യാണം നടത്തിക്കളയാമെന്ന് ആരും വിചാരിക്കേണ്ടതില്ലെന്നർത്ഥം.
 
സാധാരണക്കാരയ യുവാക്കൾക്ക് കേരളത്തിൽ വിവാഹം കഴിക്കാൻ പെണ്ണ് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഉയർന്ന വിദ്യാഭ്യാസവും വൈറ്റ് കോളർ ജോലിയും സാമ്പത്തികവുമെല്ലാം പെൺകുട്ടികൾ ഡിമാന്റായി വെയ്ക്കുമ്പോൾ ആ ഗണത്തിൽ ഉൾപ്പെടാത്തവരെല്ലാം പുറന്തള്ളപ്പെട്ടുപോകുകയാണ് ചെയ്യുന്നത്. മാത്രമല്ല മാതാപിതാക്കൾ തീരുമാനിക്കുന്ന അറേഞ്ച്ഡ് വിവാഹത്തിൽ പെൺകുട്ടികൾക്ക് ഇപ്പോൾ വലിയ താൽപര്യമില്ലാത്തതും പുര നിറഞ്ഞ് നിൽക്കുന്ന പുരുഷൻമാരുടെ എണ്ണം കേരളത്തിൽ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തെയാണ് തമിഴൻമാരായ വിവാഹ ബ്രോക്കർമാർ മുതലെടുക്കുന്നത്. നേരത്തെ യുവാക്കളുടെ വിദ്യാഭ്യാസം വിവാഹ മാർക്കറ്റിൽ ഒരു വലിയ ഡിമാന്റ്ായിരുന്നില്ല. എന്നാൽ ഇപ്പോൾ തന്നോടൊപ്പമോ അല്ലെങ്കിൽ അതിലധികോ വിദ്യാഭ്യാസമുള്ള യുവാക്കളെ വിവാഹം കഴിക്കാനാണ് കേരളത്തിലെ പെൺകുട്ടികൾ താൽപര്യപ്പെടുന്നത്. വിവാഹത്തിന് കേരളത്തിൽ പെണ്ണിനെ കിട്ടാനില്ലാത്തതിനാൽ ബ്രാഹ്മണ സമുദായത്തിൽ പെട്ടവർ തമിഴ്‌നാട്ടിൽ പോയി തമിഴ്ബ്രാഹ്മണരെ നേരിട്ട് വിവാഹം കഴിക്കുന്ന രീതി കുറച്ചുകാലം മുമ്പ് തന്നെ തുടരുന്നുണ്ട്. 

പെണ്ണിനെക്കുറിച്ചോ, ചെക്കനെക്കുറിച്ചോ അവരുടെ വീട്ടുകാരെക്കുറിച്ചോ കാര്യമായ അന്വേഷണമൊന്നും നടക്കാതെ ബ്രോക്കർമാരുടെ കൈകാര്യത്തിൽ മാത്രമാണ് ഇത്തരം വിവാഹങ്ങൾ നടക്കുന്നത്. പെൺവീട്ടുകാരുടെ നിർധനാവസ്ഥയെ ചൂഷണം ചെയ്യുകയാണ് ബ്രോക്കർമാർ ചെയ്യുന്നത്. അതിർത്തി ജില്ലകളിലാണ് ഇത്തരം വിവാഹങ്ങൾ കൂടുതലായി നടക്കുന്നതെന്ന് ബ്രോക്കർമാർ പറയുന്നു. അതിർത്തി ജില്ലകളിലാകുമ്പോൾ ഇങ്ങനെ വിവാഹം കഴിക്കുന്നവർക്കിടയിൽ ഭാഷ ഒരു പ്രശ്‌നമാകുന്നില്ല. ഏതായാലും കേരളത്തിൽ ഒരു പുതിയ വിവാഹ സമ്പ്രദായം രൂപപ്പെടുകയാണ്.

Latest News