Sorry, you need to enable JavaScript to visit this website.

ഒപെക് സെക്രട്ടറി ജനറൽ ബാർകിന്ദൊ അന്തരിച്ചു

റിയാദ് - സൗദി അറേബ്യയുടെ നേതൃത്വത്തിൽ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ സെക്രട്ടറി ജനറൽ മഹമ്മദ് ബാർകിന്ദൊ അന്തരിച്ചു. 63 വയസായിരുന്നു. നൈജീരിയയിലെ അബൂജയിലാണ് അന്ത്യം. സ്വദേശമായ യോല നഗരത്തിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മഹമ്മദ് ബാർകിന്ദൊയുടെ വിയോഗം കുടുംബത്തിനും നൈജീരിയൻ നാഷണൽ പെട്രോളിയം കോർപറേഷനും ഒപെക്കിനും ആഗോള ഊർജ സമൂഹത്തിനും വലിയ നഷ്ടമാണെന്ന് നൈജീരിയൻ നാഷണൽ പെട്രോളിയം കോർപറേഷൻ മാനേജിംഗ് ഡയറകടർ മിലി ക്യാരി പറഞ്ഞു. 
മരണത്തിന് മണിക്കൂറുകൾക്കു മുമ്പ് മുഹമ്മദ് ബാർകിന്ദൊയെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി സ്റ്റേറ്റ് ഹൗസിൽ ആദരിച്ചിരുന്നു. ആദരിക്കൽ ചടങ്ങിൽ വെച്ച് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബാർകിന്ദൊ നൈജീരിയയുടെ മികച്ച അംബാസഡറാണെന്ന് വിശേഷിപ്പിക്കുകയും ആറു വർഷമായി ഒപെക് സെക്രട്ടറി ജനറൽ പദവി വഹിച്ച് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. 
ഒപെക് സെക്രട്ടറി ജനറൽ പദവിയിൽ ഈ മാസം 31 വരെയാണ് മുഹമ്മദ് ബാർകിന്ദൊക്ക് കാലാവധിയുണ്ടായിരുന്നത്. 2016 ഓഗസ്റ്റ് ഒന്നിന് ആണ് മുഹമ്മദ് ബാർകിന്ദൊ ഒപെക് സെക്രട്ടറി ജനറൽ പദവി ഏറ്റെടുത്തത്. 1986 മുതൽ 2010 വരെയുള്ള കാലത്ത് ഒപെക് മന്ത്രിതല യോഗങ്ങളിൽ നൈജീരിയയെ പ്രതിനിധീകരിച്ച് മുഹമ്മദ് ബാർകിന്ദൊ ആണ് പങ്കെടുത്തിരുന്നത്.

 

Tags

Latest News