Sorry, you need to enable JavaScript to visit this website.

വിലക്കയറ്റം- വിപണിയില്‍ വാണിജ്യമന്ത്രാലയം ഇടപെടുന്നു പരിശോധന ശക്തമാക്കി

റിയാദ്- സൗദി അറേബ്യയില്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെ വിപണിയില്‍ വാണിജ്യമന്ത്രാലയം ഇടപെടുന്നു. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് ഉല്‍പന്നങ്ങളുടെ ലഭ്യതയും വില നിലവാരവും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വിപണി നിരന്തരമായി നിരീക്ഷിക്കണമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7400 ലധികം ഉല്‍പന്നങ്ങളുടെ വിലനിലവാരം പരിശോധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഇറക്കുമതിക്ക് ചെലവേറിയതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഇന്നലെ വാണിജ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുമെന്ന് വ്യക്തമാക്കിയിരുന്നു. ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം വിതരണക്കാരുടെ എണ്ണവും മത്സരങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സമാന ഉല്‍പന്നങ്ങളുടെ സാന്നിധ്യവും വിലയിരുത്തുകയാണ് മന്ത്രാലയം ഇപ്പോള്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴി ഉല്‍പന്നങ്ങളുടെ സൗദിയിലെ വിലയും അയല്‍ രാജ്യങ്ങളിലെ വിലയും പരിശോധിക്കുന്നുണ്ട്.
രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും നിരീക്ഷണമുണ്ടെന്നും നിയമലംഘനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍1900 നമ്പറില്‍ വിളിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Tags

Latest News