Sorry, you need to enable JavaScript to visit this website.

വിവരം കെട്ടവര്‍ മന്ത്രിയായിരുന്ന് ഭരിക്കുന്നതിനെ കുറിച്ച് വിലപിക്കാനേ കഴിയുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയില്‍ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍ പാഷ. ഇതുപോലുള്ള വിവരം കെട്ടവര്‍ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുന്നതിനെ കുറിച്ചോര്‍ത്ത് വിലപിക്കാനേ ജനങ്ങള്‍ക്ക് സാധിക്കൂ എന്നും സജി ചെറിയാന് ഒരു നിമിഷം പോലും പദവിയില്‍ തുടരാനുള്ള അവകാശമില്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഇറക്കി വിടണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു. വാര്‍ത്താ ചാനലുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമ്പോള്‍ പറയുന്ന കാര്യങ്ങളെങ്കിലും അയാള്‍ക്ക് ഓര്‍മ വേണ്ടേയെന്നും താന്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും മറ്റ് നിയമങ്ങള്‍ അനുസരിച്ചും എന്ന് പറഞ്ഞാണ് അത് തുടങ്ങുന്നതെന്നും കെമാല്‍ പാഷ ഓര്‍മിപ്പിച്ചു. അത് മനസിലാക്കിയെടുക്കാനുള്ള വിവരമുള്ളവര്‍ക്കേ ചിലപ്പോള്‍ അത് പറ്റുന്നുണ്ടാവൂ. ഇതിനെക്കുറിച്ച് വേറെ എന്താ പറയേണ്ടത്. ഒരിക്കലും, ഒരു കാരണവശാലും ഒരു മന്ത്രി പുറത്ത് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഈ പറഞ്ഞ് കാണുന്നത്. ഇത് കേട്ട് താന്‍ ഞെട്ടിപ്പോയെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. 

യഥാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്നും ഒരു നിമിഷം പോലും മന്ത്രിക്ക് പദവിയില്‍ തുടരാനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ ഈ ജനാധിപത്യ സംവിധാനത്തില്‍ ഭരിക്കാനുള്ള അവകാശം എങ്ങനെ അദ്ദേഹത്തിന് കിട്ടുമെന്ന് ചോദിച്ച കെമാല്‍ പാഷ നിര്‍ബന്ധമായും കേരള മുഖ്യമന്ത്രി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഇറക്കി വിടണമെന്നും രാജി ചോദിച്ച് വാങ്ങണമെന്നും ആവശ്യപ്പെട്ടു.

Latest News