Sorry, you need to enable JavaScript to visit this website.

സൗദി ഗോള്‍ഫ് സീരീസ്: 32 കോടി സമ്മാനം ഗ്രെയ്‌സിന്

ലോസ്ആഞ്ചലസ് - സൗദി പിന്തുണയോടെ നടക്കുന്ന എല്‍.ഐ.വി ഗോള്‍ഫ് സീരീസിലെ രണ്ടാമത്തെ ടൂര്‍ണമെന്റില്‍ ബ്രാന്‍ഡന്‍ ഗ്രെയ്‌സ് ചാമ്പ്യനായി. പോര്‍ട്‌ലാന്റിലെ ടൂര്‍ണമെന്റില്‍ രണ്ട് ഷോട്ട് ലീഡോടെ കിരീടം നേടിയ മുപ്പത്തിനാലുകാരന് 40 ലക്ഷം ഡോളര്‍ (32 കോടി രൂപ) സമ്മാനം ലഭിച്ചു. ലോക റാങ്കിംഗില്‍ 128ാം സ്ഥാനക്കാരനായ ഗ്രെയ്‌സ് പതിമൂന്നാം ഹോളിലെ ബേഡിയിലൂടെയാണ് കാര്‍ലോസ് ഓര്‍ടിസിനൊപ്പമെത്തിയത്. തുടര്‍ന്ന് 15, 16, 17 ഹോളുകളിലും ബേഡി ആവര്‍ത്തിച്ച് വിജയം പിടിച്ചു. പങ്കെടുത്ത 48 പേര്‍ക്കും ചുരുങ്ങിയത് രണ്ട് കോടി ഡോളര്‍ സമ്മാനത്തുകയുടെ പങ്ക് ലഭിച്ചു. ലണ്ടനിലെ ആദ്യ ടൂര്‍ണമെന്റില് കിരീടം നേടിയത് ചാള്‍ ഷ്വാര്‍ട്‌സലാണ്. 
സൗദി സീരീസുമായി കരാറൊപ്പിട്ട ഏറ്റവും ഉയര്‍ന്ന റാങ്കുകാരനായ ലോക പതിനേഴാം നമ്പര്‍ ഡസ്റ്റിന്‍ ജോണ്‍സണ്‍ ഇന്നലെ ഒന്നാം സ്ഥാനത്താണ് തുടങ്ങിയത്. ഫിനിഷ് ചെയ്തത് മൂന്നാം സ്ഥാനത്താണ്. വന്‍ ജനാവലി മത്സരം വീക്ഷിക്കാനെത്തി. 
ജോണ്‍സണും റീഡും ടോളാര്‍ ഗൂച്ചും പാറ്റ് പെരെസുമുള്‍പ്പെട്ട കൂട്ടുകെട്ടിനാണ് ടീം കിരീടം. നാലു പേര്‍ക്കും ഏഴര ലക്ഷം ഡോളര്‍ വീതം അധികം ലഭിച്ചു. അടുത്ത ടൂര്‍ണമെന്റ് 29 ന് ന്യൂജഴ്‌സിയിലെ ട്രംപ് നാഷനല്‍ ഗോള്‍ഫ് ക്ലബ്ബിലാണ്. സൗദി സീരീസുമായി കരാറൊപ്പിട്ട ലോക ഇരുപത്താറാം നമ്പര്‍ ഇംഗ്ലണ്ടിന്റെ പോള്‍ കെയ്‌സി ആ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പോര്‍ട്‌ലന്റിലെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഏഴ് കളിക്കാരെ സസ്‌പെന്റ് ചെയ്യാന്‍ പി.ജി.എ ടൂര്‍ തീരുമാനിച്ചത് വകവെക്കാതെയാണ് കെയ്‌സി കരാറൊപ്പിട്ടത്.  മൂന്ന് പി.ജി.എ ടൂര്‍ കിരീടങ്ങളും 15 യൂറോപ്യന്‍ ടൂര്‍ കിരീടങ്ങളും നേടിയ നാല്‍പത്തിനാലുകാരന്‍ അഞ്ചു തവണ റൈഡര്‍ കപ്പ് ടീമിലുണ്ടായിരുന്നു. 

Latest News