Sorry, you need to enable JavaScript to visit this website.

വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പറഞ്ഞത് അസംബന്ധവും കള്ളവുമാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വീണാ വിജയന്റെ ഐ.ടി കമ്പനിയായ എക്‌സാ ലോജിക്കിന്റെ വെബ്‌സൈറ്റിലെ എഡിറ്റ് ഹിസ്റ്ററിയും എം.എല്‍.എ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിലെ ഡയറക്ടരായിരുന്ന ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ മെന്ററാണെന്ന് വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ 2020ലെ വിവാദങ്ങള്‍ക്ക് പിന്നാലെ ഈ പേര് നീക്കം ചെയ്തതായി മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. 

എം.എല്‍.എ ആവുന്നതിന് മുമ്പും ശേഷവും നിരവധി വട്ടം മുഖ്യമന്ത്രിയുമായി സംസാരിക്കാനും ഇടപെടാനും അവസരമുണ്ടായിട്ടുണ്ടെന്നും ഇന്നു വരെ ആദരവോടെയും ബഹുമാനത്തോടെയും മാത്രമേ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളൂവെന്നും പറഞ്ഞ മാത്യു കുഴല്‍നാടന്‍ പക്ഷെ അടിയന്തര പ്രമേയത്തില്‍ മറുപടി പറയുന്ന സമയത്ത് മുഖ്യമന്ത്രി നടത്തിയ പ്രതികരണം പദവിക്ക് യോജിച്ചതാണോയെന്ന് ജനം വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. 

താന്‍ പറഞ്ഞത് അസംബന്ധമാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സ്വപ്ന സുരേഷിന് സര്‍ക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പി.ഡബ്ല്യു.സി എന്ന് പറയുന്ന കണ്‍സല്‍ട്ടന്‍സി കമ്പനിയാണ്. അത് നിഷേധിക്കാനാവില്ലെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക ശക്തികള്‍ക്കെതിരെയും കണ്‍സല്‍ട്ടന്‍സികള്‍ക്കെതിരെയും നിരന്തരം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചിരുന്ന സി.പി.എം അധികാരത്തിലേറിയ ശേഷം നിരവധി കരാറുകള്‍ കണ്‍സല്‍ട്ടന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ ബഹുഭൂരിപക്ഷം വര്‍ക്കുകളും വേണ്ടത്ര സുതാര്യതയില്ലാതെ പി.ഡബ്ല്യ.സിക്ക് കിട്ടിയപ്പോള്‍ ഇത് സംബന്ധിച്ച് 2020 മെയ് മാസത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെക്കുറിച്ച് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വീണ വിജയന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടോ സ്വകാര്യതയുമായി ബന്ധപ്പെട്ടോ ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെതിരെ വലിയ ആരോപണമുയര്‍ന്നപ്പോള്‍ വീണ വിജയന്‍ നടത്തുന്ന എക്സാലോജിക് ഐ.ടി കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിലൊന്നായി അവര്‍ തന്നെ പ്രഖ്യാപിച്ചയാളാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിലെ ഡയറക്ടര്‍മാരിലൊരാളായ ജെയ്ക് ബാലകുമാര്‍ എന്ന വ്യക്തിയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 

ജെയ്ക് ബാലകുമാര്‍ തങ്ങളുടെ മെന്ററാണെന്ന് വീണ വിജയന്റെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെതിരെ ആരോപണം വന്നപ്പോള്‍ 2020 മെയ് മാസത്തില്‍ വെബ്സൈറ്റ് ഡൗണ്‍ ആയി. ഏകദേശം ഒരു മാസക്കാലം ഈ വെബ്സൈറ്റ് ആര്‍ക്കും കാണാന്‍ പറ്റിയില്ല. പിന്നീട് ആ വെബ്സൈറ്റ് അപ്പ് ആവുന്നത് ജൂണ്‍ 20നാണ്. മെയ് 20ന് ആ വെബ്സൈറ്റിലുണ്ടായിരുന്ന പല വിവരങ്ങളും അതില്‍ കാണാനില്ലായിരുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞു. ജെയ്ക്ക് ബാലകുമാറിന്റെ പേര് എന്ത് കൊണ്ടാണ് മാറ്റേണ്ടി വന്നത്. ഈ വെബ്സൈറ്റ് തുടങ്ങിയ ശേഷം 107 തവണയാണ് അപ്ഡേഷന്‍ നടത്തിയത്. വീണ വിജയനാണ് കമ്പനിയുടെ ഡയറക്ടറും ഫൗണ്ടറും. ഫൗണ്ടറെ ഉപദേശിക്കുകയും നയിക്കുകയും ചെയ്തത് ജെയ്ക്ക് ബാലകുമാറാണെന്നായിരുന്നു വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്. ഇത് പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

Latest News