Sorry, you need to enable JavaScript to visit this website.

ഫിന്‍ലാന്റ്, സ്വീഡന്‍ നാറ്റോ അംഗത്വം തുര്‍ക്കി അംഗീകരിച്ചു

മാഡ്രിഡ്- ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ അംഗത്വ ആവശ്യത്തെ പിന്തുണയ്ക്കാന്‍ തുര്‍ക്കി സമ്മതിച്ചതായി ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോ അറിയിച്ചു. ഇതോടെ നാറ്റോ സഖ്യത്തില്‍ ചേരുന്നതിന് ഇരു രാജ്യങ്ങളും നേരിട്ട വലിയ തടസ്സം നീങ്ങി. നിര്‍ണായക ഉച്ചകോടിയായി മാറുന്നതിന് മുന്നോടിയായി മാഡ്രിഡില്‍ തുര്‍ക്കി, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത മെമ്മോറാണ്ടം ഒപ്പുവെച്ചതായി നിനിസ്റ്റോ പ്രസ്താവനയില്‍ പറഞ്ഞു. നാറ്റോയിലേക്കുള്ള പ്രവേശനത്തിന്റെ മൂര്‍ത്തമായ നടപടികള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സഖ്യകക്ഷികള്‍ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുധ കയറ്റുമതി, തീവ്രവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ തുര്‍ക്കിക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിച്ചതോടെയാണ് ഫിന്‍ലന്‍ഡിനും സ്വീഡനും നാറ്റോയില്‍ പ്രവേശിക്കാന്‍ വഴിയൊരുങ്ങിയത്. തുര്‍ക്കിയുടെ ആവശ്യങ്ങളിലൂന്നി തുര്‍ക്കിയും സ്വീഡനും ഫിന്‍ലന്‍ഡും കരാറില്‍ ഒപ്പുവച്ചു. 

പി കെ കെയ്ക്കും മറ്റ് കുര്‍ദിഷ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ തുര്‍ക്കിയുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ രണ്ട് നോര്‍ഡിക് രാജ്യങ്ങളും സമ്മതിച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദൊഗാനും പ്രഖ്യാപിച്ചു. 2019ല്‍ സിറിയയിലേക്കുള്ള അങ്കാറയുടെ സൈനിക നുഴഞ്ഞു കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധം പിന്‍വലിക്കാനും ഇരു നോര്‍ഡിക് രാജ്യങ്ങളും സമ്മതിച്ചു.

Latest News