Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് നല്‍കിയ സഹായത്തിന് യു.എ.ഇക്ക് നന്ദി അറിയിച്ച് മോഡി

ന്യൂദല്‍ഹി/അബുദാബി- കോവിഡ് മഹാമാരിയുടെ സമയത്ത് യു.എ.ഇയിലെ 35 ലക്ഷം വരുന്ന  ഇന്ത്യന്‍ സമുഹത്തിനുനല്‍കിയ ശ്രദ്ധയില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നന്ദി അറിയിച്ചു. ജി 7 ഉച്ചകോടിയുടെ പ്രത്യേക സെഷനില്‍ പങ്കെടുത്ത് മ്യൂണിക്കില്‍നിന്ന് മടങ്ങും വഴിയാണ് അബുദാബിയില്‍ ഇറങ്ങി ഗള്‍ഫ് ഭരണാധികാരിയുമായി മോഡി കൂടിക്കാഴ്ച നടത്തിയത്.
പുറത്താക്കപ്പെട്ട രണ്ട് ബി.ജെ.പി നേതാക്കള്‍ പ്രവാചകനെക്കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളെ മറ്റു ഗള്‍ഫ് രാജ്യങ്ങളോടൊപ്പം യു.എ.ഇയും അപലപിച്ചിരുന്നു. ഇതിനുശേഷം മോഡിയും യു.എ.ഇ ഭരണാധികാരിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
കുറച്ച് വര്‍ഷങ്ങളായി ശക്തമാക്കി വരുന്ന ഇന്ത്യ-യു.എ.ഇ സമഗ്ര പങ്കാളിത്തത്തിന്റെ വിവിധ വശങ്ങള്‍ ഇരു നേതാക്കളും അവലോകനം ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയം ദല്‍ഹിയില്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ശൈഖ് മുഹമ്മദുമായുള്ള മോഡിയുടെ കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുള്‍പ്പെടെ യുഎഇ ഭരണകൂടുത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദിനെ പ്രധാനമന്ത്രി മോഡി അഭിനന്ദിച്ചു. കഴിഞ്ഞ മാസം ശൈഖ്് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തോടെയായിരുന്നു മാറ്റം.
ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ മോഡി അനുശോചനം രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന, പരക്കെ ആദരിക്കപ്പെട്ട രാഷ്ട്രതന്ത്രജ്ഞനായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെന്ന് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ പറഞ്ഞു.
അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനും മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

അബുദാബിയില്‍ പ്രധാനമന്ത്രി മോഡിക്ക് ഊഷ്മള സ്വീകരണം

അബുദാബി- പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എ.ഇയിലെത്തി. അബുദാബിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോഡിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് വിമാനാത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.  പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യു.എ.ഇ സന്ദര്‍ശനമാണിത്.

യു.എ.ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം അറിയിക്കുന്നതോടൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കലുമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം. ജര്‍മനയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യു.എ.ഇയിലെത്തിയത്. ഇന്നുതന്നെ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി യു..എഇയില്‍ മറ്റ് പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല.

2015, 2018, 2019 വര്‍ഷങ്ങളിലാണ് ഇതിനുമുന്‍പ് മോഡി യു.എ.ഇ. യിലെത്തിയത്. യു.എ.ഇ. സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ 'ഓര്‍ഡര്‍ ഓഫ് സായിദ്' ഏറ്റുവാങ്ങാനാണ് അദ്ദേഹം ഇതിനുമുമ്പ് യു.എ.ഇ. യിലെത്തിയത്.

 

Latest News