Sorry, you need to enable JavaScript to visit this website.

ഈ വർഷം ഹജ് നിരക്കുകളിൽ 30 ശതമാനം വരെ കുറവ് -മന്ത്രി

മക്ക - മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ഹജ് നിരക്കുകൾ 30 ശതമാനം വരെ കുറവാണെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് പറഞ്ഞു. സുതാര്യത നടപ്പാക്കിയും ഹജ് നറുക്കെടുപ്പിൽ നീതിയും സമത്വവും ഉറപ്പാക്കിയും ഹജ് സർവീസ് സ്ഥാപനങ്ങൾക്കിടയിൽ യഥാർഥ മത്സര അന്തരീക്ഷം സൃഷ്ടിച്ചും ഹജ് നിരക്കുകൾ കുറക്കാൻ സാധിക്കും.
ഹജ് നിരക്കുകൾ ഇ-പ്ലാറ്റ്‌ഫോമിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. നിരക്കുകൾ കുറക്കാൻ ഇത് വലിയ തോതിൽ സഹായിച്ചു. ഇത്തവണ ഹജിന് നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനയുണ്ടായിരുന്നില്ല. മനുഷ്യ ഇടപെടലുകൾ കൂടാതെ ഇ-നറുക്കെടുപ്പ് വഴിയാണ് അപേക്ഷകരിൽ നിന്ന് ഹജ് തീർഥാടകരെ തെരഞ്ഞെടുത്തത്. ഇത്തവണ ഹജ് നിർവഹിക്കാൻ അനുമതി നൽകുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായം 15 വയസ്സ് ആണ്. 
കഴിഞ്ഞ വർഷങ്ങളിൽ നിയമ വിരുദ്ധമായാണ് കുട്ടികൾ ഹജിനെത്തിയത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നിയമാനുസൃത ഹജ് സർവീസ് കമ്പനികൾക്കു കീഴിൽ കുട്ടികൾക്ക് ഹജ് നിർവഹിക്കാൻ സാധിക്കില്ല.  
മനുഷ്യ ആരോഗ്യത്തിനാണ് സൗദി അറേബ്യ ഏറ്റവും വലിയ മുൻഗണന നൽകുന്നത്. അതുകൊണ്ടു തന്നെ ഹജ് യാത്രയിൽ ഉടനീളം തീർഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ വ്യവസ്ഥകൾ ബാധകമാക്കേണ്ടത് നിർബന്ധമാണ്. അറഫയിൽ മുഴുവൻ സ്ഥലങ്ങളിലും വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. ഒരു നഗരത്തിന് മുഴുവൻ മതിയായ വൈദ്യുതി അറഫയിൽ ലഭ്യമാക്കിയിട്ടുണ്ട്. മിനായിലെ 20 ശതമാനം തമ്പുകളും ടോയ്‌ലറ്റുകളും സമഗ്രമായി വികസിപ്പിച്ചിട്ടുണ്ട്. പുതുതായി ആയിരത്തിലേറെ ടോയ്‌ലറ്റ് സമുച്ചയങ്ങൾ മിനായിൽ നിർമിച്ചിട്ടുണ്ട്. ഇത്തവണ 180 രാജ്യങ്ങളിൽ നിന്നുള്ളവർ ഹജിനെത്തും. ഓരോ രാജ്യങ്ങളിലെയും ആരോഗ്യ നിലവാരത്തിലെ വ്യതിയാനങ്ങൾ ആ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകളിൽ പ്രതിഫലിക്കും. 
ലോകത്തെ നിരവധി രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട മങ്കി പോക്‌സ് (കുരങ്ങു ചൊള്ള) സൗദിയിലെത്താതെ നോക്കാൻ ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളിൽ വിശ്വാസമുണ്ട്. മങ്കി പോക്‌സുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകൾ ഹജ് തീർഥാടകർക്ക് ബാധകമാക്കിയിട്ടില്ല. ഹജ് സീസണിനിടെ തീർഥാടകർക്കിടയിൽ മങ്കി പോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പക്ഷം അവ കൈകാര്യം ചെയ്യാൻ ആരോഗ്യ മന്ത്രാലയം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. 
സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനിടെ പി.സി.ആർ പരിശോധന നടത്തൽ, വാക്‌സിനേഷൻ പൂർത്തിയാക്കൽ, തീർഥാടകരുടെ പ്രായം 65 കവിയരുത് എന്നീ വ്യവസ്ഥകൾ ബാധകമാക്കി രോഗവ്യാപനം തടയുന്ന മുൻകരുതൽ നടപടികൾക്ക് ആരോഗ്യ മന്ത്രാലയം ഊന്നൽ നൽകുന്നു. 
ഹജ്, ഉംറ മന്ത്രാലയത്തിന്റെ ആപ്പുകൾക്കും ഇ-ട്രാക്കിനും നേരെ ഒരു മാസത്തിനിടെ 20 ലക്ഷത്തിലേറെ സൈബർ അറ്റാക്കുകളുണ്ടായി. സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെങ്ങും നിന്നുള്ള ഹജ് തീർഥാടകർക്ക് അവസരം നൽകുന്നതിനാൽ ഈ വർഷം സൈബർ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയെ ശാക്തീകരിക്കൽ ഹജ്, ഉംറ മന്ത്രാലയത്തിന്റെ തന്ത്രമാണ്. സ്വകാര്യ മേഖലക്ക് നൽകുന്ന പിന്തുണക്കനുസരിച്ച് സ്വകാര്യ മേഖല നൽകുന്ന സേവന നിലവാരം മെച്ചപ്പെടുമെന്നും ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് പറഞ്ഞു. 

Tags

Latest News