Sorry, you need to enable JavaScript to visit this website.

കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതിഷേധം ശക്തം

കണ്ണൂർ- മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ചട്ടങ്ങൾ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറെ തടഞ്ഞു. പ്രതിഷേധവുമായി എം.എസ്.എഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടനകളും രംഗത്തെത്തി. ഇന്നലെ രാവിലെ പയ്യാമ്പലം സമീപത്തെ റോഡിൽ വെച്ചാണ് ബന്ധുവീട്ടിൽ പോയി വരികയായിരുന്ന
വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ തടഞ്ഞത്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജയിംസിന്റെ നേതൃത്വത്തിലായിരുന്നു സമരം. നേതാക്കളായ കമൽജിത്ത്,  വി. രാഹുൽ, പ്രിനിൽ മതുകോത്ത് എന്നിവർ ഉൾപ്പെടെ 16 യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരെ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
പ്രിയ വർഗീസിന് നിയമനം നൽകിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രാത്രി വൈസ് ചാൻസലറുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ വി.സി വസതിക്കുമുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.
സി.പി.എം നേതാക്കൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന വൈസ് ചാൻസലർ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഏറെ നേരം തുടർന്ന പ്രതിഷേധത്തിനിടയിൽ ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ബലം പ്രയോഗിച്ചാണ്  ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. സമരത്തിന് കെ.എസ്.യു നേതാക്കളായ ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം, ആഷിത് അശോകൻ, രാഗേഷ്  തുടങ്ങിയവർ നേതൃത്വം നൽകി.
 മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ മെറിറ്റ് അട്ടിമറിച്ചും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെയും അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എം.എസ്.എഫ് കണ്ണൂർ ജില്ല കമ്മിറ്റി ആരോപിച്ചു. മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായി നിയമനം വഴിവിട്ട നിയമനങ്ങൾക്കും അഴിമതിക്കും വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ സർവകലാശാല നടപടിയെന്നും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീലും ജനറൽ സെക്രട്ടറി ജാസിർ ഒ.കെയും പറഞ്ഞു. മതിയായ യോഗ്യതയുണ്ടായിട്ടും അർഹതപ്പെട്ടവരെ തഴഞ്ഞാണ് കണ്ണൂർ സർവകലാശാലയിലെ അധ്യാപക നിയമനം. വി.സിയുടെ പുനർനിയമനം തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ യോഗ്യതകളും ചട്ടങ്ങളും മറികടന്ന നിയമനത്തിനെതിരെ കോടതിയെ സമീപിക്കുന്നതുൾപ്പെടെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇരുവരും പറഞ്ഞു.

Latest News