Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഏഴ് വിമാനത്താവളങ്ങളും തുറമുഖങ്ങളും ലോകത്തിലെ ഏറ്റവും മികച്ചവയുടെ പട്ടികയിൽ 

റിയാദ്-ലോകത്തിലെ ഏറ്റവും മികച്ച തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പട്ടികയിൽ സൗദിയിലെ ഏഴ് വിമാനത്താവളങ്ങളും തുറമുഖങ്ങളും ഇടം നേടിയതായി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം 65 ദശലക്ഷം യാത്രക്കാരാണ് സൗദി വിമാനത്താവളങ്ങൾ വഴി സഞ്ചരിച്ചത്. സൗദി അറേബ്യയുടെ റെയിൽവേ ശൃംഖലകളിലൂടെ മൂന്ന് ദശലക്ഷം പേർ സഞ്ചരിച്ചു. വിവിധ ദേശീയ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിയ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളിലെ മികച്ച പ്രവർത്തനവും ഈ നേട്ടത്തിലേക്ക് വഴിവെച്ചിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. പ്രധാനപ്പെട്ട സംരംഭങ്ങൾ കണ്ടെത്തി ധനസഹായം നൽകിയും ആഗോള ലോജിസ്റ്റിക് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിച്ചുമാണ് ഈ നേട്ടം കൈവരിച്ചത്. 
സൗദി റെയിൽവേയുടെ കീഴിൽ 21 ദശലക്ഷം ടൺ ധാതുക്കളും ചരക്കുകളും കൊണ്ടുപോകുന്നതിനായി, നടപ്പാക്കിയ  പുനഃക്രമീകരണങ്ങളും വലിയ നേട്ടമായി. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ വഴി 9150 ലധികം മണിക്കൂറുകളിലെ മനുഷ്യ ജോലിയുടെ ലാഭം  നേടാനായതായും മന്ത്രാലയം അറിയിച്ചു. വ്യോമയാന മേഖലയിൽ, അറാറിൽ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്തതും എയർപോർട്ടുകളുടെ  നവീകരണ പദ്ധതികളും നേട്ടത്തിലേക്ക് നയിച്ചു. ഫെഡറേഷന്റെ ആസ്ഥാനം രാജ്യത്ത് സ്ഥാപിക്കുന്നതിന് സൗദിയും അയാട്ടയും തമ്മിൽ കരാർ ഒപ്പിട്ടതും  ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എയർ ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതും നേട്ടമായി. എയർ ട്രാൻസ്‌പോർട്ട് സേവന ദാതാക്കൾക്കായി ക്ലാസിഫിക്കേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചതും അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെക്യൂരിറ്റി മോണിറ്ററിംഗ് ആന്റ്് കൺട്രോൾ സെന്റർ തുറന്നതും ഈ നേട്ടത്തിന് കാരണമായി. ലോകത്തിലെ ഏറ്റവും മികച്ച 100 എയർപോർട്ടുകളുടെ പട്ടികയിൽ നാല് സൗദി വിമാനത്താവളങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 100 എയർ കാരിയറുകളുടെ പട്ടികയിൽ ദേശീയ വിമാനക്കമ്പനിയായ സൗദിയയും ലോകത്തിലെ ഏറ്റവും വലിയ 100 തുറമുഖങ്ങളിൽ മൂന്ന് സൗദി തുറമുഖങ്ങളും ഇടം നേടിയെന്നും മന്ത്രാലയം അറിയിച്ചു.

Tags

Latest News