Sorry, you need to enable JavaScript to visit this website.

ജിദ്ദ സീസൺ സൃഷ്ടിച്ചത് 74,000 തൊഴിലവസരങ്ങൾ

തുറന്നത് വിനോദത്തിന്റെ പുതിയ വാതിലുകൾ

ജിദ്ദ-സൗദിയുടെ വിനോദ സഞ്ചാര മേഖലയിൽ ചരിത്രമായി മാറിയ ജിദ്ദ സീസൺ സൗദി പൗരന്മാർക്കായി സൃഷ്ടിച്ചത് 74,000 ത്തിലധികം തൊഴിലവസരങ്ങൾ. പ്രമുഖ വിനോദ സഞ്ചാര ഗ്രൂപ്പിന്റേതാണ് റിപ്പോർട്ട്. ഇതിനെ പിന്തുണക്കുന്ന നിലപാടുമായി  ജിദ്ദ സീസൺ 2022 ന്റെ ഡയറക്ടർ ജനറൽ നവാഫ് കുമോസാനിയും രംഗത്തെത്തി. ആഗോള പങ്കാളിത്തം കെട്ടിപ്പടുക്കാനും വ്യവസായ കാഴ്ചപ്പാട് രൂപപ്പെടുത്തി, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും നിക്ഷേപങ്ങൾ ആകർഷിക്കാനും സാമ്പത്തിക വരുമാനം വർധിപ്പിക്കാനും ജിദ്ദ സീസൺ സഹായിച്ചുവെന്ന് നവാഫ് കുമോസാനി പറഞ്ഞു. ജിദ്ദ മീഡിയ സെന്ററിൽ മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദഹം. 
ജിദ്ദ സീസൺ  യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിച്ചതായും സൗദിയുടെ ഫലപ്രദമായ സാമ്പത്തികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസങ്ങളോളം നീണ്ടു നിന്ന കലാ സാംസ്‌കാരിക പരിപാടികൾ സമ്മാനിച്ച വൈവിധ്യമാണ്  ജിദ്ദ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ആദ്യമായി 36 ലധികം ഷോകളും ഇവന്റുകളും നടന്നത് രണ്ടാമത്തെ ജിദ്ദ സീസണിലാണെന്നും അതിൽ ആറ് ഇവന്റുകളെങ്കിലും ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീസണിലെ ജോലിയുടെ 80 ശതമാനവും സൗദി യുവാക്കളാണ് ഏറ്റെടുത്തതെന്നും സൗദി വിഷൻ 2030 അനുസരിച്ച് സൗദി പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിൽ വിപണിയിൽ ചേരാനുള്ള അവസരങ്ങൾ ഇതു വഴി കൂടിയെന്നും 14 ലധികം തൊഴിലുകളുടെ പ്രാദേശികവത്കരണത്തിന് ഈ സീസൺ സഹായിച്ചുവെന്നും കുമോസാനി പറഞ്ഞു.
മുപ്പത് ലക്ഷത്തോളം പേരാണ് ഇതു വരെ ജിദ്ദ സീസണിൽ സന്ദർശകരായി എത്തിയത്. രാജ്യത്തിന്റെ  പുറത്ത് നിന്നും അകത്ത് നിന്നും വലിയ ആൾക്കൂട്ടമാണ് എല്ലാ ദിവസവും ജിദ്ദ സീസണിലെ വിവിധ സ്റ്റാളുകളിലേക്ക് ഒഴുകി എത്തുന്നത്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളുടെ കൈമാറ്റ ഭൂമികയായ സ്റ്റാളുകളിലേക്കും ആഘോഷ രാവുകളിലേക്കും ആസ്വാദകർ നിറഞ്ഞുവരികയായിരുന്നു. 
ജിദ്ദ സീസൺ 2022 ലെ 'ജിദ്ദ വേവ്‌സ്' മറൈൻ മേഖലയിലെ ടൂറിസ്റ്റുകളെ ഏറെ ആകർഷിച്ച ഇനമാണ്. വൈവിധ്യമാർന്ന ജല സാഹസികതകളാണ് ഇതിൽ പ്രധാനപ്പെട്ടത്. കടലിന്റെ സാഹസികതകൾ കാണാനും ആസ്വദിക്കാനും നിരവധി  സന്ദർശകരാണ് എത്തുന്നത്. ജിദ്ദ വേവ്‌സിൽ ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം.  ആവേശകരമായ ജലാനുഭവത്തിനായി തയാറാക്കിയ  ഷില്ലർ വാട്ടർ ബൈക്കുകൾ സന്ദർശകർക്ക് ആവേശകരമായ കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. 
കയാക്കിംഗിലൂടെ മറക്കാനാവാത്ത അനുഭവമാണ് സന്ദർശകർക്കുണ്ടാവുക. സി-പോപ്പ് എന്ന നൂതനമായ കടൽ പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള പരിസ്ഥിതി സൗഹൃദ സ്‌കൂട്ടറുകളും ഇവിടെ അനുഭവിക്കാനാവും.  സന്ദർശകരെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന വിവിധയിനം കായിക വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവരും ഇവിടെ വരുന്നുണ്ടെന്നാണ് സന്ദർശക കണക്കുകൾ പറയുന്നത്. 
അൽ മാജിദ് പാർക്കിൽ  നടന്ന ഇന്ത്യൻ സാംസ്‌കാരിക പരിപാടി ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന്റെ വർണാഭമായ ദൃശ്യ, ശ്രാവ്യ അനുഭവമായിരുന്നു. ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു ഇന്ത്യൻ പരിപാടികൾ.

Tags

Latest News