Sorry, you need to enable JavaScript to visit this website.

ലെവന്‍ഡോവ്‌സ്‌കി വാശിയില്‍ തന്നെ, അടുത്ത സീസണില്‍ എവിടെ?

മ്യൂണിക് - ബയേണ്‍ മ്യൂണിക് വിട്ട് ബാഴ്‌സലോണയില്‍ ചേരുമെന്ന വാശിയില്‍ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി. സ്‌ട്രൈക്കര്‍ക്ക് 2023 ജൂണ്‍ 30 വരെ ബയേണുമായി കരാറുണ്ട്. കരാര്‍ പൂര്‍ത്തിയാക്കണമെന്ന നിലപാടിലാണ് ക്ലബ്ബ്. ഈ സീസണിലും ലെവന്‍ഡോവ്‌സ്‌കിയെ വേണമെന്നും പോളണ്ടുകാരനുമായി മുഖാമുഖം ചര്‍ച്ച വേണമെന്നും ബയേണ്‍ സ്‌പോര്‍ടിംഗ് ഡയരക്ടര്‍ ഹസന്‍ സാലിഹാമിദിച് പ്രഖ്യാപിച്ചു. ബാഴ്‌സലോണയില്‍ ചേരുമെന്ന് വാശി പിടിക്കുന്ന ലെവന്‍ഡോവ്‌സ്‌കിയുമായി സംസാരിക്കാന്‍ സാലിഹാമിദിച് മയോര്‍ക്കയിലെത്തിയതായാണ് റിപ്പോര്‍ട്ട്. ലെവന്‍ഡോവ്‌സ്‌കിക്ക് സ്പാനിഷ് ദ്വീപില്‍ അവധിക്കാല വസതിയുണ്ട്. 
ബയേണില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പലതവണ ലെവന്‍ഡോവ്‌സ്‌കി വ്യക്തമാക്കിക്കഴിഞ്ഞു. അതിന് സഹായകമായ നിലപാട് ക്ലബ്ബില്‍ നിന്നുണ്ടാവണമെന്നാണ് താരത്തിന്റെ ആവശ്യം. ഈ സീസണില്‍ ബാഴ്‌സലോണയിലേക്ക് പോകാന്‍ ലെവന്‍ഡോവ്‌സ്‌കിയെ അനുവദിച്ചാല്‍ ബയേണിന് ട്രാന്‍സ്ഫര്‍ തുക ലഭിക്കും. അടുത്ത സീസണില്‍ കരാര്‍ പൂര്‍ത്തിയാവുന്നതോടെ ഫ്രീ ഏജന്റായി മുപ്പത്തിമൂന്നുകാരന് ക്ലബ്ബ് വിടാം. 
2014 ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് എത്തിയതു മുതല്‍ ബയേണിന്റെ ആക്രമണം നയിക്കുന്നത് ലെവന്‍ഡോവ്‌സ്‌കിയാണ്. 253 മത്സരങ്ങളില്‍ 238 ഗോളടിച്ചു. ബയേണിന്റെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച കളിക്കാരനായി. 
ലെവന്‍ഡോവ്‌സ്‌കിയെ പോലൊരു കളിക്കാരനെ വാങ്ങാനുള്ള സാമ്പത്തിക അവസ്ഥയിലാണോ ബാഴ്‌സലോണ എന്നതാണ് പ്രശ്‌നം. ബാഴ്‌സലോണക്കു പുറമെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയും ലെവന്‍ഡോസ്‌കിയെ നോട്ടമിട്ടിട്ടുണ്ട്. റൊമേലു ലുകാകുവിന് പകരക്കാരനെ തേടുകയാണ് അവര്‍. 



 

Latest News