Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ പൊതുകടം കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിൽ

റിയാദ് - ലോകത്ത് പൊതുകട അനുപാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദി അറേബ്യയെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. 
അമേരിക്കൻ ഫെഡറൽ റിസർവിന്റെ നേതൃത്വത്തിൽ ലോകത്തെ കേന്ദ്ര ബാങ്കുകൾ വായ്പാ നിരക്കുകൾ ഉയർത്തിയത് പൊതുകടം ഉയർന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാകും. കൊറോണ മഹാമാരി നേരത്തെ തന്നെ ലോക രാജ്യങ്ങളുടെ വായ്പാ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. 
ലോകത്ത് 29 രാജ്യങ്ങളുടെ പൊതുകടം ആ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനങ്ങളെക്കാൾ കൂടുതലാണ്. ഇക്കൂട്ടത്തിൽ ഏഴു രാജ്യങ്ങളുടെ കടങ്ങൾ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 150 ശതമാനത്തിൽ കൂടുതലും രണ്ടു രാജ്യങ്ങളുടെ കടങ്ങൾ ജി.ഡി.പിയുടെ 250 ശതമാനത്തിൽ കൂടുതലുമാണ്. കടം കൂടിയ 29 രാജ്യങ്ങളിൽ രണ്ടെണ്ണം അറബ് രാജ്യങ്ങളാണ്. സുഡാനും ബഹ്‌റൈനും. സുഡാന്റെ പൊതുകടം ജി.ഡി.പിയുടെ 184.3 ശതമാനവും ബഹ്‌റൈനിന്റേത് 128.5 ശതമാനവുമാണ്. ലിബിയ, ലെബനോൻ, സിറിയ, സോമാലിയ എന്നീ രാജ്യങ്ങളുടെ പൊതുകടങ്ങളും ജി.ഡി.പിയേക്കാൾ കൂടുതലാണ്. 
മൂന്നു അറബ് രാജ്യങ്ങൾ ലോകത്ത് പൊതുകടം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിലാണ്. സൗദി അറേബ്യയുടെ പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 30 ശതമാനവും കോമറോസിന്റേത് 25.2 ശതമാനവും, കുവൈത്തിന്റേത് 8.7 ശതമാനവുമാണ്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയുടെ പൊതുകടം 938 ബില്യൺ റിയാലാണ്. 
ഗൾഫ് രാജ്യങ്ങളിൽ പൊതുകട അനുപാതം ഏറ്റവും കുറവ് കുവൈത്തിലാണ്. സൗദി 30, യു.എ.ഇ 38.3, ഖത്തർ 58.4, ഒമാൻ 65.3, ബഹ്‌റൈൻ 128.5. അറബ് ലോകത്ത് പൊതുകട അനുപാതം ഏറ്റവും കൂടുതൽ ബഹ്‌റൈനിലാണ്. രണ്ടാം സ്ഥാനത്തുള്ള ഈജിപ്തിൽ 93.5. മൂന്നാം സ്ഥാനത്തുള്ള ജോർദാനിൽ 91.8. യെമൻ 63.1, അൾജീരിയ 62.5, ഇറാഖ് 59.4, മൗറിത്താനിയ 54.7, ഫലസ്തീൻ 49.3, ജിബൂത്തി 43.2. 
ആഗോള തലത്തിൽ പൊതുകട അനുപാതം ഏറ്റവും കൂടുതൽ വെനിസ്വേലയിലാണ്- ജി.ഡി.പിയുടെ 307 ശതമാനം. രണ്ടാം സ്ഥാനത്തുള്ള ജപ്പാനിൽ 263.1 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗ്രീസിൽ 198.9 ശതമാനവും. സുഡാനാണ് നാലാം സ്ഥാനത്ത്. എരിത്രിയ 170.8, കേപ് വെർഡെ 154.1, ഇറ്റലി 150.9, ബർബഡോസ് 135.8, ഭൂട്ടാനിൽ 134.5, സിംഗപ്പൂർ 132.8, യു.എസ്.എ 132.6 ശതമാനം.

Tags

Latest News