Sorry, you need to enable JavaScript to visit this website.

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; മുഖ്യ പ്രതി പിടിയിൽ


കണ്ണൂർ- കോടികളുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കണ്ണൂരിൽ പിടിയിലായി. കണ്ണൂർ കല്യാശ്ശേരി സ്വദേശിയും കോയമ്പത്തൂരിൽ താമസക്കാരനുമായ പി.കെ. രഞ്ജിത്തിനെയാണ് (47) കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി, പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. 
മോറിസ് കോയിൻ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളെയെല്ലാം കണ്ണൂരിലെ അന്വേഷണ സംഘമാണ് പിടികൂടിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രഞ്ജിത്തിന്റെ അറസ്റ്റ്.  
പിടിയിലായ രഞ്ജിത്തിന്റെ തറവാട് വീട് കണ്ണൂർ കല്യാശേരിയിലാണ്. വർഷങ്ങളായി കോയമ്പത്തൂർ സിദ്ധാപുത്തൂരിലാണ് താമസം. മലപ്പുറം പൂക്കോട്ടുപാടം സ്വദേശി നിഷാദ് കിളിയടുക്കലുമായി ചേർന്നാണ് ഇയാൾ മോറിസ് കോയിൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്. എൽ.ആർ ട്രേഡിങ് നെറ്റ്‌വർക്ക് പിരമിഡിൽ ഒന്നാം സ്ഥാനത്ത് രഞ്ജിത്തും രണ്ടാം സ്ഥാനത്ത് നിഷാദ് കിളിയടുക്കലുമാണ് . 
ബംഗളൂരിൽ ജയാ നഗറിൽ ഏറെ നാൾ ഉണ്ടായിരുന്ന രഞ്ജിത് എ.ആർ ട്രേഡിങ് ഓഫീസിൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലും സാങ്കേതിക വിദ്യയിലും പ്രാവീണ്യമുള്ള രഞ്ജിത്ത് നിഷാദിനൊപ്പം ചേർന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. നേരത്തെ സ്‌പോക്കൺ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഇയാൾ
സ്റ്റഡി മോജോയെന്ന പേരിൽ ഇ ലേണിംഗ് ആപ്ലിക്കേഷൻ തയ്യാറാക്കി അതിന്റെ മറവിലാണ് ട്രേഡിങ് കമ്പനി രൂപീകരിച്ചു കോടികൾ പിരിച്ചെടുത്തത്. പിന്നീടാണ് മോറിസ് കോയിൻ വാഗ്ദാനവുമായി രംഗത്തെത്തിയത്. 
ഈ കേസിൽ നേരത്തെ കണ്ടെത്തിയ 36 കോടിക്ക് പുറമേ പ്രതികളുടെ ഭൂസ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായും അഡീഷണൽ എസ്.പി അറിയിച്ചു. കണ്ണൂർ ഡി.എച്ച് ക്യൂ എസ്.ഐ ഡിജേഷ്, പ്രബോഷനറി എസ്.ഐ ആൽബി, സിറ്റി എസ്.ഐ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Latest News