Sorry, you need to enable JavaScript to visit this website.

സർഫാസി നിയമത്തിനെതിരെ വയനാട്ടിൽ സമരമുഖം തുറക്കുന്നു


കൽപറ്റ- സർഫാസി നിയമത്തിനും ജപ്തി നടപടികൾക്കുമെതിരെ വയനാട്ടിൽ രാഷ്ട്രീയ, സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകർ സമരമുഖം തുറക്കുന്നു. ഇതിന്റെ ഭാഗമായി മാനന്തവാടിയിൽ ചേർന്ന യോഗം സർഫാസി വിരുദ്ധ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി കുന്നേൽ കൃഷ്ണൻ (ജനറൽ കൺവീനർ), തോമസ് അമ്പലവയൽ, വർഗീസ് വട്ടേക്കാട്ടിൽ, സുലോചന രാമകൃഷ്ണൻ, ജോസ് വാദ്യാപ്പിള്ളി, സാം പി.മാത്യു, എ.എൻ.സലീം കുമാർ, എം.കെ.അജയകുമാർ (കൺവീനർമാർ) എന്നിവരെ തെരഞ്ഞുടുത്തു. 
സർഫാസി-ജപ്തി നടപടികളെ അവശ്യമെങ്കിൽ കായികമായും നേരിട്ട് അറസ്റ്റ് വരിക്കാനാണ് യോഗ തീരുമാനം. ഇതിനു മുന്നോടിയായി സർഫാസി-ജപ്തി ഭീഷണിയിലുള്ള കർഷകരെയടക്കം പങ്കെടുപ്പിച്ച് കൺവെൻഷൻ നടത്തും. പ്രക്ഷോഭ മുറകൾക്കു കൺവെൻഷൻ രൂപം നൽകും. വായ്പ കുടിശികയാക്കിയവർക്കെതിരായ മുഴുവൻ സർഫാസി-ജപ്തി നടപടികളും നിർത്തിവെക്കാൻ സർക്കാരും ധനകാര്യ സ്ഥാപനങ്ങളും തയാറാകണമെന്നു സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. സർഫാസി നിയമം റദ്ദാക്കുന്നതിനു സംസ്ഥാന സർക്കാരും എം.പിമാരും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം. ജപ്തി നടപടികൾ തീർത്തും ഒഴിവാക്കാൻ സഹകരണ ബാങ്കുകൾക്കു കർശന നിർദേശം നൽകണം.   ഇതര ബാങ്കുകളുടെ നിലപാട് കർഷക സൗഹൃദമാക്കാൻ ഇടപെടണം. ധനകാര്യ സ്ഥാപനങ്ങളുടെ ദയാ രഹിതമായ നിലപാടുകളുടെ ഒടുവിലത്തെ ഇരയാണ് പുൽപള്ളി ഇരുളത്ത് ആത്മഹത്യ ചെയ്ത അഡ്വ. എം.വി.ടോമി. വായ്പ കുടിശികയാക്കിയതിനു മുൻ അഡീഷണൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ടോമിയോടുള്ള ബന്ധപ്പെട്ട ബാങ്കിന്റെ സമീപനം ക്രൂരമായിരുന്നു. സമൂഹമധ്യത്തിൽ അപമാനിതനായതിന്റെ വേദനയിലാണ് ടോമി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 
ഉപജീവനത്തിനു കൃഷിയെ ആശ്രയിക്കുന്ന കുടുംബങ്ങളെല്ലാം ദുരിതത്തിലാണ്. വിളകളുടെ നാശം, വിലത്തകർച്ച, കോവിഡ് മഹാമാരി തുടങ്ങിയവ കർഷകരെ തീർത്തും തളർത്തി. വായ്പ വാങ്ങിയ പണം നിർവാഹം ഇല്ലാത്തതിനാലാണ് കർഷകർ കുടിശികയാക്കുന്നത്. കൃഷി ആദായകരമായിരുന്ന കാലത്ത് സമയബന്ധിതമായി വായ്പകൾ തിരിച്ചടച്ചവരാണ് കർഷകർ. ദുരിത കാലത്തു ഇവരെ സർവരും കൈവിടുകയാണ്. കാർഷികം, കാർഷികേതരം എന്നു കണക്കാക്കാതെ കർഷകരുടെ മുഴുവൻ കടങ്ങളും ഏറ്റെടുക്കാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകേണ്ടത്. ദൗർഭാഗ്യവശാൽ കർഷകരുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നീക്കങ്ങൾക്കു കുടപിടിക്കുകയാണ് സർക്കാരുകൾ ചെയ്യുന്നത്. 
കൂലിത്തല്ലു സംഘങ്ങളുടേതിനു സമാനമായ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികളാണ് ബാങ്കുകൾക്കു വേണ്ടി കടക്കാരെ കുടിയൊഴിപ്പിക്കുന്നതും വസ്തു വകകൾ പിടിച്ചെടുക്കുന്നതും. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവസരം പോലും നിഷേധിക്കുന്ന സർഫാസി നിയമം സാമാന്യ നീതിയുടെ അടിസ്ഥാന സങ്കൽപത്തെയാണ് നിരാകരിക്കുന്നത്. ജില്ലയിൽ നാലായിരത്തിൽപരം കർഷകർക്കു സർഫാസി നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. 2,000 കേസുകളിൽ ജപ്തി നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സർഫാസി നിയമം ഭേദഗതി ചെയ്യുന്നതിനു കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയാറാകാതിരുന്നതു ഗൗരവത്തോടെ കാണേണ്ടതാണ്. അധികാരികളുടെ കണ്ണു തുറപ്പിക്കാൻ ശക്തമായ ജനകീയ സമരങ്ങൾ അനിവാര്യമാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.  

Latest News