Sorry, you need to enable JavaScript to visit this website.

റോയല്‍സിന് രണ്ടാം ചാന്‍സ്, വഴി മുടക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ്

അഹമ്മദാബ് - ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആര് നേരിടുമെന്ന് നിശ്ചയിക്കാന്‍ വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടും. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനെ മറികടന്ന റോയല്‍ ചലഞ്ചേഴ്‌സ് ഫൈനലിലേക്കുള്ള പാതി വഴി പിന്നിട്ടു. അതേസമയം ഫൈനലിലെത്താനുള്ള ആദ്യ അവസരത്തില്‍ ഗുജറാത്തിനോട് തോറ്റ രാജസ്ഥാന് ഇത് രണ്ടാമത്തെ ചാന്‍സാണ്. 
പുറത്താകലിന്റെ വക്കില്‍ നിന്ന് പ്ലേഓഫില്‍ കടന്നുകൂടിയ ടീമെന്ന നിലയില്‍ ആവേശം ബാംഗ്ലൂരിനൊപ്പമാണ്. മുംബൈ ഇന്ത്യന്‍സിന്റെ വലിയ സഹായത്തോടെയാണ് അവര്‍ പ്ലേഓഫിലെത്തിയത്. ദല്‍ഹി കാപിറ്റല്‍സിനെ മുംബൈ തോല്‍പിച്ചതാണ് അവര്‍ക്ക് അവസരം തുറന്നത്. പ്ലേഓഫില്‍ ഹര്‍ഷല്‍ പട്ടേലും രജത് പട്ടിധാറും അവരെ കൈപിടിച്ചുയര്‍ത്തി. 
ഒരു ബാറ്ററെ കുറവ് കളിപ്പിച്ചതാണ് ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന് വിനയായത്. ബൗളിംഗില്‍ പ്രസിദ്ധ് കൃഷ്ണക്കും ആര്‍. അശ്വിനും പിഴക്കുകയും ചെയ്തു. 
ഈ സീസണിലെ ഐ.പി.എല്ലില്‍ അഹമ്മദാബാദിലെ ആദ്യ മത്സരമാണ് ഇത്. മൊതേര സ്റ്റേഡിയം നേരത്തെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായിരുന്നു. ഇവിടെ കളിച്ച 12 മത്സരങ്ങളില്‍ ഏഴെണ്ണം അവര്‍ ജയിച്ചിട്ടുണ്ട്. 
ഈ സീസണില്‍ ഏറ്റവും മികച്ച സ്പിന്‍ നിരയുള്ള ടീമുകളാണ് റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സും. രാജസ്ഥാന്‍ സ്പിന്നര്‍മാര്‍ 38 വിക്കറ്റെടുത്തിട്ടുണ്ട്. ബാംഗ്ലൂര്‍ സ്പിന്നര്‍മാര്‍ മുപ്പത്തഞ്ചും. 

Latest News