Sorry, you need to enable JavaScript to visit this website.

സീഡുകള്‍ക്ക് കഷ്ടകാലം, പത്തില്‍ ആറും പുറത്ത്

പാരിസ് - ഫ്രഞ്ച് ഓപണ്‍ ടെന്നിസില്‍ സീഡുകളുടെ പതനം തുടരുന്നു. എട്ടാം സീഡ് കരൊലൈന പ്ലിസ്‌കോവയെ ലോക 227ാം റാങ്കുകാരി ലിയോലിയ ജീന്‍ജീന്‍ നേരിട്ടുള്ള സെറ്റുകളില്‍ കെട്ടുകെട്ടിച്ചു (2-6, 2-6). നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ എമ്മ റാഡുകാനുവും പുറത്തായി. ആദ്യ പത്ത് വനിതാ സീഡുകളില്‍ പുറത്താവുന്ന ആറാമത്തെ കളിക്കാരിയാണ് പ്ലിസ്‌കോവ. കഴിഞ്ഞ വിംബിള്‍ഡണിലെ റണ്ണര്‍അപ്പും 2017 ലെ ഫ്രഞ്ച് ഓപണ്‍ സെമി ഫൈനലിസ്റ്റുമാണ് ചെക് താരം. ഇരുപത്താറുകാരിയായ ലിയോലിയ ആതിഥേയ താരമാണ്. റോളാങ്ഗാരോയിലെ 34 വര്‍ഷത്തെ ചരിത്രത്തിലെ ടോപ് ടെന്നിലുള്ള കളിക്കാരിയെ തോല്‍പിക്കുന്ന ഏറ്റവും റാങ്കിംഗ് കുറഞ്ഞ താരമാണ് അവര്‍. നിലവിലെ ചാമ്പ്യന്‍ ബാര്‍ബോറ ക്രയ്‌സികോവ, മരിയ സകാരി, ഒനിസ് ജബൂര്‍, ആനറ്റ് കോണ്ടാവെയ്റ്റ്, മുന്‍ ചാമ്പ്യന്‍ ഗര്‍ബീന്‍ മുഗുരുസ എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. 
റുമാനിയയുടെ ഐറീന കമേലിയ ബേഗുവിനെയാണ് പ്രി ക്വാര്‍ട്ടറില്‍ ലിയോലിയ നേരിടുക. എക്കാതറീന അലക്‌സാണ്‍ഡ്രോവക്കെതിരായ കളിയില്‍ രോഷാകുലയായി ബേഗു എറിഞ്ഞ റാക്കറ്റ് ഗാലറിയില്‍ ഒരു കുട്ടിയുടെ ശരീരത്തിലിടിക്കുകയും കുട്ടി കരയുകയും ചെയ്തിരുന്നു. എങ്കിലും വിലക്കിനു പകരം താക്കീതുമായി മുപ്പത്തൊന്നുകാരി രക്ഷപ്പെട്ടു. 
ലോക മൂന്നാം നമ്പര്‍ വനിതാ താരം പൊള ബഡോസയും യുവ സെന്‍സേഷന്‍ കാര്‍ലോസ് അല്‍കാരസും തോല്‍വിയുടെ വക്കില്‍ നിന്ന് രക്ഷപ്പെട്ടു. ബഡോസ 68ാം റാങ്കുകാരി കായ യുവാനെ മൂന്നു സെറ്റില്‍ മറികടന്നു. അല്‍കാരസ് മാച്ച് പോയന്റ് അതിജീവിച്ച ശേഷം സ്പാനിഷ് സഹതാരം ആല്‍ബര്‍ട് വിനോലാസിനെ 6-1, 6-7 (7-9), 5-7, 7-6 (7-2), 6-4 ന് തോല്‍പിച്ചു. ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച്ചും റഫായേല്‍ നദാലും അനായാസം ജയിച്ചു. നദാലിന് ഇത് മുന്നൂറാം ഗ്രാന്റ്സ്ലാം വിജയമാണ്. 
ലോക ഒന്നാം നമ്പര്‍ ഈഗ ഷ്വിയോന്‍ടെക് തുടര്‍ച്ചയായ മുപ്പതാം ജയത്തോടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യക്കാരന്‍ സ്റ്റീഫന്‍ അമൃതരാജിന്റെ ഭാര്യയായ അലീസന്‍ റിസ്‌കെയെയാണ് ഈഗ തോല്‍പിച്ചത്. 
പുരുഷ വിഭാഗത്തില്‍ ആദ്യ പത്തു റാങ്കുകാരും പ്രി ക്വാര്‍ട്ടറിലെത്തി. നിലവിലെ റണ്ണര്‍അപ് സറ്റെഫനോസ് സിറ്റ്‌സിപാസ് രണ്ട് സെറ്റ് കൈവിട്ട ശേഷം ഇറ്റലിയുടെ ലോറന്‍സൊ മുസേറ്റിയെ തോല്‍പിച്ചു.
 

 

Latest News