Sorry, you need to enable JavaScript to visit this website.

ഡോ.മുരളി തുമ്മാരുകുടി ശനിയാഴ്ച റിയാദിൽ

റിയാദ്- ആഗോള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ മേധാവിയായി ഡോ.മുരളി തുമ്മാരുകുടി ശനിയാഴ്ച റിയാദിലെത്തും. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ രക്ഷാധികാരത്തിൽ, മൂന്ന് ദിവസങ്ങളായി റിയാദിൽ നടക്കുന്ന ഗ്രീനിംഗ് അറേബ്യ-2022 ൽ വിഷയാവതരണത്തിനാണ് അദ്ദേഹം എത്തുന്നത്. മൊത്തം 24 പ്രഭാഷകരിൽ രണ്ടു പേർ മലയാളികളാണ്.
റിയാദ് നഗരത്തിലെ വനവൽക്കരണത്തിന് ആവശ്യമായ ആധുനിക സംവിധാനങ്ങളുടെ പ്രദർശനവും ചർച്ചയും ലക്ഷ്യമാക്കി മെയ് ഇരുപത്തി ഒൻപത് മുതൽ മുപ്പത്തി ഒന്ന് വരെയാണ് ഗ്രീനിംഗ് അറേബ്യ-2022 സംഘടിപ്പിക്കുന്നത്. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയങ്ങളുടെ സഹകരണത്തോടെ നാഷണൽ സെന്റർ ഫോർ ദി വെജിറ്റേറിയൻ കവർ ഡവലപ്‌മെന്റ് ആൻഡ് കംപാക്ടിങ് ഡെസേർട്ടിഫിക്കേഷൻ വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ആദ്യ ദിവസം തന്നെ 'ഭൂമിയുടെ തകർച്ച കുറയ്ക്കുന്നതിനും ഭൗമ ആവാസ വ്യവസ്ഥകളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള ആഗോള സംരംഭം' എന്ന വിഷയത്തിലാണ് തുമ്മാരുകുടിയുടെ പ്രഭാഷണം. മറ്റൊരു മലയാളിയായ ജോക്കബ് തോമസ് പാണ്ഡാലയിൽ സൗദി അറേബ്യായിലെ പടർന്നു പിടിക്കുന്നതും വിചിത്രവുമായ സസ്യങ്ങൾ എന്ന വിഷയത്തിലും പ്രബന്ധം അവതരിപ്പിക്കും.
 മൊത്തം 24 പ്രഭാഷകരിൽ രണ്ടു മലയാളികളാണ് ഉൾപ്പെട്ടിട്ടുള്ളത്.   
നേരത്തെ, ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം അടുത്ത കാലത്താണ് ജി-20 രാജ്യങ്ങൾ ആവിഷ്‌ക്കരിച്ച ആഗോള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ മേധാവിയായി സ്ഥാനമേറ്റത്. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടെ പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി-20 രാജ്യങ്ങൾ തുടങ്ങിവെക്കുന്ന വൻ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ഉത്തരവാദിത്തം. ഗൾഫ് രാജ്യങ്ങളടക്കം ലോകത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും സൗദിയിൽ ആദ്യമായാണ് മുരളി തുമ്മാരുകുടി സന്ദർശനം നടത്തുന്നത്. സാധ്യമായാൽ റിയാദിലെ മലയാളികളുമായി ചായ് പേ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Tags

Latest News