Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ആരാധകർക്കു വേണ്ടി ഷട്ടിൽ സർവീസുകൾ

ലോക കപ്പ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ഗൾഫിലെ വിവിധ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് ഷട്ടിൽ സർവീസുകൾ നടത്തുന്നതിനെ കുറിച്ച് അറിയിക്കാൻ ദോഹയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വിവിധ ഗൾഫ് വിമാന കമ്പനികളുടെ മുതിർന്ന ഉദ്യോഗസ്ഥർ.

ദോഹ - ലോകകപ്പ് ആരാധകർക്കു വേണ്ടി സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് ഷട്ടിൽ സർവീസുകൾ നടത്തുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. 
ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കാൻ ദോഹയിലേക്ക് പോകുന്ന അതേദിവസം തന്നെ സൗദിയിലേക്ക് മടങ്ങാൻ ആരാധകർക്ക് അവസരമൊരുക്കുന്ന നിലയിലാണ് സൗദിയ ഷട്ടിൽ സർവീസുകൾ നടത്തുക. ഷെഡ്യൂൾ ചെയ്ത പതിവ് സർവീസുകൾക്കു പുറമെ, പ്രതിദിനം 5,000 ഓളം ഫുട്‌ബോൾ ആരാധകരെ ദോഹയിൽ എത്തിക്കാനും ഇവരുടെ മടക്കയാത്രക്കും റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും 40 ഓളം സർവീസുകൾ സൗദിയ നടത്തുമെന്നാണ് കരുതുന്നത്. 
ഫുട്‌ബോൾ മത്സരങ്ങൾ നടക്കുന്ന അതേദിവസം തന്നെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദോഹയിൽ എത്താനും സ്വദേശങ്ങളിലേക്ക് മടങ്ങാനും അവസരമൊരുക്കാൻ ഗൾഫിലെ ഭൂരിഭാഗം വിമാന കമ്പനികളുമായും വിപുലമായ പങ്കാളിത്തം സ്ഥാപിച്ചതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു. 
ജിദ്ദ, റിയാദ്, കുവൈത്ത്, ദുബായ്, മസ്‌കത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകർക്കു വേണ്ടിയാണ് ഷട്ടിൽ സർവീസുകൾ നടത്തുക. ഇതുപ്രകാരം സൗദിയ ജിദ്ദയിൽ നിന്നും റിയാദിൽ നിന്നും 40 സർവീസുകളും ഫ്‌ളൈ ദുബായ് ദുബായിൽ നിന്ന് 60 സർവീസുകളും ഒമാൻ എയർ മസ്‌കത്തിൽ നിന്ന് 40 സർവീസുകളും കുവൈത്ത് എയർവെയ്‌സ് കുവൈത്തിൽ നിന്ന് 16 സർവീസുകളും ദിവസേന നടത്തുമെന്ന് ഖത്തർ ഫിഫ വേൾഡ് കപ്പ് പ്രൊജക്ട്‌സ് ആന്റ് ലെഗസി കമ്മിറ്റി അറിയിച്ചു. 
ഖത്തറിൽ താമസിക്കാതെ തന്നെ ലോക കപ്പ് മത്സരങ്ങൾ ആസ്വദിക്കാനുള്ള സവിശേഷ അവസരമാണ് ലോക കപ്പ് ടിക്കറ്റുകൾ സ്വന്തമാക്കുന്ന ഗൾഫ് നിവാസികൾക്ക് ഷട്ടിൽ സർവീസുകൾ ഒരുക്കുന്നത്. 
മേഖലാ രാജ്യങ്ങളിലെ ഫുട്‌ബോൾ ആരാധകർക്ക് മത്സരങ്ങൾ നടക്കുന്ന അതേദിവസം തന്നെ ദോഹയിൽ എത്താനും മത്സരങ്ങൾ വീക്ഷിച്ച ശേഷം അന്നു തന്നെ സ്വദേശങ്ങളിലേക്ക് മടങ്ങാനും സാധിക്കും. ഖത്തർ ലോക കപ്പ് മത്സരങ്ങൾ നടക്കുന്ന വേദികൾ അടുത്തടുത്തായതിനാൽ ഗ്രൂപ്പ് മത്സരങ്ങൾക്കിടെ ഒരു ദിവസം ഒന്നിലധികം കളികൾ കാണാനും ഇവർക്ക് സാധിക്കും. 
ലോക കപ്പിനിടെ ഖത്തറിലെത്തുന്ന മുഴുവൻ ആരാധകരും ഓൺലൈനിൽ ലഭിക്കുന്ന ഹയാ കാർഡിന് രജിസ്റ്റർ ചെയ്യണം. ഖത്തറിൽ പ്രവേശിക്കാനും കളി നടക്കുന്ന ദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിക്കാനും, ഹയാ ആപ്പ് വഴി ഖത്തറിലെ യാത്രകൾ ആസൂത്രണം ചെയ്യാനും ഹയാ കാർഡ് അവസരമൊരുക്കുമെന്നും ഖത്തർ ഫിഫ വേൾഡ് കപ്പ് പ്രൊജക്ട്‌സ് ആന്റ് ലെഗസി കമ്മിറ്റി പറഞ്ഞു. 

Tags

Latest News