Sorry, you need to enable JavaScript to visit this website.

രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു കത്തിച്ചു, ആറ് പേർ അറസ്റ്റിൽ

ചെന്നൈ-  തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. 40 കാരിയാണ് കൊല്ലപ്പെട്ടത്. രാമേശ്വരത്തിന് സമീപം വടക്കാട്ടാണ് സംഭവം. ആറ് പേർ സംഭവത്തിൽ അറസ്റ്റിലായി.  ഇവർ ഒറീസയിൽ നിന്നുള്ളവരാണ്. യുവതിയുടെ മൃതദേഹം പാതി കത്തിയ നിലയിലാണ് കണ്ടെത്തിയത്. ചെമ്മീൻ കെട്ടിലെ തൊഴിലാളികളാണ് അറസ്റ്റിലായ ആറ് പേരും. ചൊവ്വാഴ്ച ജോലിക്കായി പോയ യുവതി തിരിച്ചു വരാൻ വൈകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വടക്കാട് ഗ്രാമത്തിൽ താമസിച്ചിരുന്ന യുവതി വൈകിയിട്ടും വരാതിരുന്നതിനെ തുടർന്നാണ് ഭർത്താവ് പോലീസിൽ പരാതി നൽകിയത്.
ഭർത്താവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് ചെമ്മീൻ കെട്ടിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് പാതി കത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ട് നടപടികൾക്കായി രാമനാഥപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.  യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാർ രോഷാകുലരായി ചെമ്മീൻ കെട്ട് തകർത്തു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. കടൽതീരത്ത് നിന്ന് ചിപ്പികളും മറ്റും ശേഖരിച്ചാണ് കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പുലർത്തിയിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാനാണ് ഇവർ മൃതദേഹം കത്തിച്ചതെന്നാണ് സൂചന.

 

Tags

Latest News