Sorry, you need to enable JavaScript to visit this website.

അഫ്ഗാനിസ്ഥാനിലെ വിമാനത്താവള നടത്തിപ്പ് യു.എ.ഇക്ക്

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പും നിയന്ത്രണവുമായി ബന്ധപ്പെട്ട് യു.എ.ഇയുമായി കരാറിലേര്‍പ്പെടാന്‍ താലിബാന്‍ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ ആക്ടിങ് ഡെപ്യൂട്ടി പ്രധാനമന്ത്രി അബ്ദുല്‍ ഗനി ബരാദര്‍ പുറത്തുവിട്ട ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അഫ്ഗാനുമായി കരാറിലേര്‍പ്പെടുന്നതോടെ യു.എ.ഇയുടെ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ ജി.എ.സി ദുബായ്ക്കായിരിക്കും വിമാനത്താവളങ്ങളുടെ സുരക്ഷാ- നടത്തിപ്പ് ചുമതല. അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളിലും വിമാനത്താവളമടക്കമുള്ള കാര്യങ്ങളിലും നിയന്ത്രണവും സ്വാധീനവും നേടിയെടുക്കാന്‍ വേണ്ടി തുര്‍ക്കിയും യു.എ.ഇയും ഖത്തറും തമ്മില്‍ മാസങ്ങളായി നടക്കുന്ന 'മത്സരങ്ങള്‍'ക്കൊടുവിലാണ് അഫ്ഗാന്‍ വിമാനത്താവളങ്ങളുടെ അധികാരം യു.എ.ഇക്ക് ലഭ്യമാകുന്നത്. 

ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടുന്നതോടെ അഫ്ഗാനിലേക്ക് വിദേശ നിക്ഷേപങ്ങള്‍ എത്തുന്നതിന് വഴിയൊരുങ്ങുമെന്ന് ട്വീറ്റ് പങ്കുവെച്ചുകൊണ്ട് അബ്ദുല്‍ ഗനി ബരാദര്‍ പറഞ്ഞു. 2021 ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ നടന്ന ആക്രമണങ്ങളില്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുതര കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ കാബൂള്‍ വിമാനത്താവളം സംയുക്തമായി ഏറ്റെടുത്ത് നടത്താന്‍ ഖത്തറും തുര്‍ക്കിയും എത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Latest News