ദമാം-ബി.ജെ.പിയും സി.പി.എമ്മും ഒരേ നാണയത്തിന്റെ ഇരു വശമാണെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോഡിയോടു കാണിക്കുന്ന വിധേയത്വം ഇതിനു തെളിവാണെന്നും കെ.പി.സി.സി. സെക്രട്ടറി അഡ്വ. പഴകുളം മധു അഭിപ്രായപ്പെട്ടു. കോൺഗ്രസ് പരാജയപ്പെട്ടു എന്ന് പുകമറ സൃഷ്ടിച്ചുകൊണ്ട് തങ്ങളും ബി.ജെ.പിയും മാത്രമേ രാഷ്ട്രീയ ചിത്രത്തിലുള്ളൂ എന്ന് വരുത്തിത്തീർത്ത് നരേന്ദ്ര മോഡിയുടെ പ്രീതി പിടിച്ചു പറ്റാനും അത് വഴി ലാവ്‌ലിൻ കേസിൽ നിന്നും തലയൂരാനുമുള്ള പിണറായി വിജയന്റെ കുത്സിത ശ്രമം കേരളം തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാക്കന്മാരുടെ ശൈലിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുതലാളിത്തത്തിന്റെ പിറകിൽ കടിച്ചു തൂങ്ങി തൊഴിലാളി വർഗത്തെ തകർത്തു സി.പി.എം മുന്നോട്ട് പോയികൊണ്ടിരിക്കയാണെന്നും പാലക്കാട് പ്ലീനം കുറ്റപ്പെടുത്തിയിരുന്നു. സി.പി.എമ്മിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമായിരുന്നു ബംഗാളിൽ നാം കണ്ടതെന്നും സ്വന്തം പാർട്ടി ഓഫീസ് പോലും വാടകക്ക് നൽകി തകർന്നടിഞ്ഞ സി.പി.എം ത്രിപുരയിൽ കിട്ടിയ കനത്ത പരാജയത്തിൽ നിന്നും പാഠം പഠിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹ്രസ്വ സന്ദർശനാർത്ഥം ദമാമിലെത്തിയ അഡ്വ. പഴകുളം മധു മലയാളം ന്യൂസുമായി സംസാരിക്കുകയായിരുന്നു. സ്വേഛാധിപതിയായ പിണറായി വിജയൻ കേരളത്തിൽ മദ്യ മുതലാളിമാരെ വിലക്ക് വാങ്ങി അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകുകയാണ്. ഇതോടെ ബംഗാളിലെ പോലെ കേരളത്തിലും സി.പി.എമ്മിന്റെ അവസാനം അടുത്തിരിക്കുകയാണ്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സി.പി.എമ്മിന്റെ പരാജയത്തിനു തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ ലോകം ചുറ്റുന്ന നരേന്ദ്ര മോഡി ഇന്ത്യയിൽ നടക്കുന്ന അഴിമതിക്കൊന്നും മറുപടി പറയാതെ ഒളിച്ചോടുകയാണെന്നും ഫാസിസ്റ്റ് ഭീകരത ശക്തിപ്പെടുത്തി ബി.ജെ.പി വർഗീയ ശക്തികളെ കയറൂരി വിട്ടിരിക്കയാണെന്നും മധു കുറ്റപ്പെടുത്തി.
പൊറുതി മുട്ടിയ ഭാരതീയ ജനത കോൺഗ്രസിന്റെ തിരിച്ചു വരവിനെ ആഗ്രഹിക്കുന്നതായും കൂടുതൽ കരുത്തോടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മതേതര കക്ഷികൾ ഒന്നിക്കേണ്ട സമയത്ത് സി.പി.എമ്മിനെ പോലുള്ള കക്ഷികൾ പരസ്പരം പോരടിച്ചു ബി.ജെ.പിക്ക് വിടുപണി ചെയ്തുകൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കൃത്യമായി മനസ്സിലാക്കിയ സീതാറാം യെച്ചൂരി കോൺഗ്രസ് നേതൃത്വതിൽ മതേതര ചേരി ഉയർന്നു വരേണ്ട നിലപാട് സ്വീകരിച്ചപ്പോൾ പ്രകാശ് കാരാട്ട് ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. കേരള ഘടകവും കാരാട്ടിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ ഈ കാപട്യം പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫ്. ഭരണ കാലത്ത് കെ. എം. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ മെഷീൻ ഉണ്ടെന്നു പറഞ്ഞ് ബജറ്റ് അവതരിപ്പിക്കാൻ പോലും അനുവദിക്കാതെ നിയമസഭക്കകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇടതുപക്ഷം ഇപ്പോൾ മാണിയുടെ പിറകെ വോട്ടു ലക്ഷ്യം വെച്ച് നടത്തുന്ന ആഭാസകരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സംരക്ഷകർ എന്നവകാശപ്പെട്ട് ശുഹൈബിനെ പോലെയുള്ള യുവ നേതാക്കളെ വകവരുത്തിയതും കേരളം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്കാരെയും ഇവർ വെറുതെ വിടുന്നില്ലെന്നതിന് തെളിവാണ് കീഴാറ്റൂരിലെ വയൽകിളി സമരം. കൃഷിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കേണ്ട ഇവർ അവരുടെ ഭൂമിക്കു ചരമഗീതം രചിക്കയാണെന്നും അഡ്വ. പഴകുളം മധു അഭിപ്രായപ്പെട്ടു. സൗദിയിലെ പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ടു നാടണയാനുള്ള വേദനാജനകമായ ഈ അവസ്ഥയിൽ പുനരധിവാസ പദ്ധതികൾക്ക് കേരള സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം സർക്കാരിനോടാവശ്യപ്പെട്ടു.