Sorry, you need to enable JavaScript to visit this website.

എൻഡോസൾഫാൻ  ദുരിത ബാധിതർക്ക് 285 കോടി രൂപ വിതരണം ചെയ്തു

വാർത്താസമ്മേളനത്തിൽ കാസർകോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സംസാരിക്കുന്നു.


കാസർകോട്- എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നാളിതുവരെ 285 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക സഹായം, സൗജന്യ റേഷൻ തുടങ്ങി 171 കോടി രൂപ, ചികിത്സാ ധനസഹായം 16.83 കോടി, പെൻഷൻ 81.42 കോടി, ആശ്വാസ കിരണം പദ്ധതി 4.5 കോടി, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ 4.44 കോടി, വായ്പ എഴുതിത്തള്ളിയത് 6.82 കോടി എന്നിങ്ങനെയാണ് വിവിധ ഇനങ്ങളിൽ സാമ്പത്തിക സാഹയവും മറ്റ് ആനുകൂല്യങ്ങളും നൽകിയതെന്നും കലക്ടർ പറഞ്ഞു. 
കോവിഡ് രോഗികൾ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആരംഭിച്ച രൂപപ്പെടുത്തിയ മാതൃകയിൽ മാറ്റം വരുത്തി നഷ്ടപരിഹാരം വിതരണം സുഗമമാക്കാൻ ഉപയോഗിക്കുമെന്നും ജൂൺ രണ്ടാമത്തെ ആഴ്ചയോടു കൂടി വിതരണം ആരംഭിക്കുമെന്ന് കലക്ടർ പറഞ്ഞു. ഓൺലൈൻ പോർട്ടൽ ഏതാനും ദിവസങ്ങളോടെ യാഥാർത്ഥ്യമാകും. 
അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക ട്രാൻസ്ഫർ ചെയ്യും. ഇതോടെ എൻഡോസൾഫാൻ നഷ്ടപരിഹാരത്തിന് അർഹരായവർ കലക്ടറേറ്റിലെത്തേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും. നേരിട്ടോ അടുത്തുള്ള അക്ഷയ സെന്ററിലോ വില്ലേജ് ഓഫീസ് മുഖാന്തരമോ  ഈ പോർട്ടലിൽ അപേക്ഷിച്ചാൽ മതിയാകും. ധനസഹായത്തിന് അർഹരായവരെ കണ്ടെത്താനുള്ള പരിശോധന അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 6727 പേരാണ് ജില്ലയിലുള്ളത്. ഇവരിൽ 3014 പേർക്കായി 1,19,34,00,000 രൂപ വിതരണം ചെയ്തു കഴിഞ്ഞു. നിലവിൽ 3642 പേർക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ഇതിൽ 733 പേർ നഷ്ടപരിഹാരം ലഭിക്കാൻ അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ലിസ്റ്റിൽ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കലക്ടർ പറഞ്ഞു. എൻഡോസൾഫാൻ ദുരിതാശ്വാസം നൽകാനുള്ള ദുരിത ബാധിതരെ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്. കിടപ്പ് രോഗികളായ 371 രോഗികളാണ് ഉള്ളത്. അതിൽ 269 നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. 102 പേർക്കാണ് ഈ വിഭാഗത്തിൽ നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1499 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിൽ 1173 പേർക്കും ദുരിതാശ്വാസം വിതരണം ചെയ്തു കഴിഞ്ഞു. നിലവിൽ 326 പേർക്കാണ് നൽകാനുള്ളത്. ഭിന്നശേഷി വിഭാഗത്തിൽ 1189 പേർ ലിസ്റ്റിൽ ഉൾപ്പെട്ടു. 988 പേർക്കും നഷ്ടപരിഹാരം വിതരണം ചെയ്തു. ഇനി 201 പേർക്കാണ് ഈ വിഭാഗത്തിൽ ബാക്കിയുള്ളത്.  അർബുദ രോഗികളായ 699 പേർ ലിസ്റ്റിൽ ഉൾപ്പെട്ടു. 580 പേർക്ക് നഷ്ടപരിഹാരം നൽകി. 119 പേർക്ക് ബാക്കിയുണ്ട്. 2969 ആളുകളാണ് അഞ്ചാമത്തെ വിഭാഗമായ മറ്റുള്ളവർ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിൽ നാല് പേർക്കാണ് നഷ്ടപരിഹാരം നൽകിയത്. 2894 പേർ ബാക്കിയുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട എട്ട് പേർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു നൽകിയിട്ടുണ്ടെന്നും കെ ജി ബൈജു, അശോക് കുമാർ, മധുസൂദനൻ, പി ജെ തോമസ്, ശാന്ത, ശാന്ത കൃഷ്ണൻ, സജി, എം വി രവീന്ദ്രൻ എന്നിവർക്കാണ് ധനസഹായം വിതരണം ചെയ്തതെന്നും കലക്ടർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ  പങ്കെടുത്തു.

Latest News