Sorry, you need to enable JavaScript to visit this website.

'വാഗു'കളുടെ വാദം കഴിഞ്ഞു, വിധി കാത്ത് ആരാധകര്‍

ലണ്ടന്‍ - രണ്ട് പ്രമുഖ ഇംഗ്ലണ്ട് ഫുട്‌ബോളര്‍മാരുടെ ഭാര്യമാര്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയാ യുദ്ധത്തില്‍ ബ്രിട്ടിഷ് കോടതിയില്‍ വാദം കഴിഞ്ഞു. ജെയിംസ് വാര്‍ദിയുടെ ഭാര്യ റബേക്കയും വെയ്ന്‍ റൂണിയുടെ ഭാര്യ കോളീനും തമ്മിലുള്ള കോടികള്‍ മുടക്കിയുള്ള നിയമയുദ്ധത്തില്‍ ഇനി ഏതു ദിവസവും ജഡ്ജി വിധി പറഞ്ഞേക്കാം.  കേസില്‍ ഇരുവരുടെയും വാദം പകര്‍ത്താന്‍ പ്രമുഖ കമ്പനികള്‍ അവകാശം സ്വന്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇരുവരുടെയും കോടതിയിലേക്കുള്ള വരവ് ഡോക്കുമെന്ററിക്കായി ഷൂട്ട് ചെയ്തിരുന്നു.
2019 ഒക്ടോബര്‍ അഞ്ച് മുതലുള്ള ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് കേസിനാധാരം. താന്‍ വിശ്വസിച്ച ഒരാള്‍ ദ സണ്‍ ടാബ്ലോയ്ഡിന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതായി കോളീന്‍ റൂണി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. റബേക്ക വാര്‍ദി ഒഴികെ ഫോളേവേഴ്‌സിനെ ബ്ലോക്ക് ചെയ്ത ശേഷം താന്‍ വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നും അത് അതേപടി ടാബ്ലോയ്ഡില്‍ പ്രത്യക്ഷപ്പെട്ടുവെന്നും കോളീന്‍ എഴുതി. ഒരാള്‍ മാത്രമാണ് ആ പോസ്റ്റ് വായിച്ചത്, അത് റബേക്ക വാര്‍ദിയുടെ അക്കൗണ്ടില്‍ നിന്നായിരുന്നു -കോളീന്‍ ആരോപിച്ചു. ആ പോസ്റ്റ് വൈറലായി. ട്വിറ്ററില്‍ മൂന്നു ലക്ഷത്തിലേറെയും ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തോളവും ലൈക്കുകള്‍ ലഭിച്ചു.
ഇത് റബേക്കയെ അമ്പരപ്പിച്ചതായും അവര്‍ ഭീകരമായ ഓണ്‍ലൈന്‍ പീഡനത്തിന് ഇരയായതായും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. റബേക്കയുടെ ഓണ്‍ലൈന്‍ അക്കൗണ്ട് പലരും വീക്ഷിക്കുന്നുണ്ടാവുമെന്നും അതിലാരെങ്കിലുമായിരിക്കാം ടാബ്ലോയ്ഡിന് വാര്‍ത്ത ചോര്‍ത്തിയതെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് വാര്‍ത്ത ചോരുന്നുണ്ടെന്ന വിവരം റബേക്കയുടെ ഏജന്റിന് അറിയാമായിരുന്നുവെന്ന് കോളീന്റെ അഭിഭാഷകന്‍ വാദിച്ചു. നേരത്തെ ലണ്ടനിലെ ഒരു ജഡ്ജി റബേക്കക്ക് അനുകൂലമായി വിധിച്ചിരുന്നു.

Latest News